തൃശ്ശൂർ :ലോക്സഭ തിരഞ്ഞെടുപ്പ് പ്രചാരണം ഫൈനൽ ആപ്പിൽ എത്തിയതോടെ ഓരോ വോട്ടും തങ്ങൾക്ക് അനുകൂലമാക്കാനുള്ള ഓട്ടപ്പാച്ചിൽ ആണ് മുന്നണികൾ. വോട്ടർമാരെ ബൂത്തിലെത്തിച്ച് വോട്ടുറപ്പാക്കാനുള്ള കഠിന ശ്രമത്തിലാണ് സ്ഥാനാർത്ഥികളും മുന്നണികളും.
ദേശീയ രാഷ്ട്രീയം മുതൽ പ്രാദേശിക പ്രശ്നങ്ങൾ വരെ ചർച്ചചെയ്തുള്ള തിരഞ്ഞെടുപ്പ് യോഗങ്ങളും ദേശീയ സംസ്ഥാന നേതാക്കൾ മുതൽ ബൂത്ത് പ്രവർത്തകർ വരെ വോട്ടർമാർക്ക് ഇടയിലേക്ക് എത്തിയുമുള്ള പ്രചാരണ സമ്മേളനങ്ങളുമായിരുന്നു ഇതുവരെ.
നാളെ പരസ്യപ്രചരണം അവസാനിക്കുമ്പോൾ റോഡ് ഷോ നടത്തി കലാശക്കൊട്ട് കൊഴുപ്പിക്കാൻ ആണ് യുഡിഎഫ്,എൽഡിഎഫ്, എൻഡിഎ മുന്നണികളുടെ തീരുമാനം. ജോലിക്കും പഠനാവശ്യത്തിനും മറ്റുമായി ഇതര സംസ്ഥാനങ്ങളിലേക്കും രാജ്യത്തിന് പുറത്തേക്ക് പോയവരെയും വോട്ടെടുപ്പ് ദിവസം ബൂത്തുകളിൽ എത്തിക്കാനുള്ള ശ്രമങ്ങളും തുടങ്ങിക്കഴിഞ്ഞു.
25ന് നിശബ്ദ പ്രചാരണം ആകും. 26നാണ് വോട്ടെടുപ്പ്. തൃശ്ശൂരിൽ ലോക്സഭാ മണ്ഡലത്തിൽ സ്വതന്ത്രർ അടക്കം ആകെ 9 സ്ഥാനാർത്ഥികളാണ് മത്സര രംഗത്തുള്ളത്.
വീടുകളും സ്ഥാപനങ്ങളും കയറിയുള്ള അവസാനവട്ട വോട്ട് തേടലിലാണ് യുഡിഎഫ് സ്ഥാനാർത്ഥി കെ. മുരളീധരൻ. പ്രവർത്തകർ വോട്ടർമാരെ കാണാൻ വീടുകളിൽ എത്തുമ്പോൾ ചിഹ്നം പരിചയപ്പെടുത്താൻ കൂടുതൽ ശ്രദ്ധിക്കുന്നുമുണ്ട്. ഒപ്പം സ്ഥലത്ത് ഇല്ലാത്ത വോട്ടർമാരെ ഫോണിൽ ബന്ധപ്പെടാനും തുടങ്ങി കഴിഞ്ഞു.
മണ്ഡലങ്ങളിലൂടെയുള്ള റോഡ് ഷോ ഇതിനകം എൽഡിഎഫ് സ്ഥാനാർത്ഥി വിഎസ് സുനിൽകുമാർ ആരംഭിച്ചുകഴിഞ്ഞു. മുതിർന്ന നേതാക്കളുടെ സാന്നിധ്യം റോഡ് ഷോയിലും അവസാനദിന തിരഞ്ഞെടുപ്പ് സമ്മേളനങ്ങളിലും അടക്കം സമൂഹമാധ്യമങ്ങളിലൂടെയുള്ള പ്രചാരണവും തുടരുന്നുണ്ട്.
മണ്ഡലങ്ങളിലൂടെ തുറന്ന വാഹനത്തിലുള്ള റോഡ് ഷോ എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപിയും തുടങ്ങിക്കഴിഞ്ഞു. പ്രധാനമന്ത്രിയുടെ ‘മോദി ഗ്യാരണ്ടി’ ഉയർത്തിയുള്ള പ്രചാരണമാണ് അവസാന ദിനങ്ങളിൽ നടക്കുന്നത്.മോദി സർക്കാർ മണ്ഡലത്തിൽ നടപ്പാക്കിയ വിവിധ പദ്ധതികളുടെ വിവരങ്ങൾ ഉൾക്കൊള്ളിച്ചാണ് പ്രചാരണം.
സുരേഷ് ഗോപി ഇതുവരെ തൃശ്ശൂരിന് നൽകിയ വികസന സംഭാവനകൾ ഓർമിപ്പിച്ചു കൊണ്ടും കേന്ദ്രമന്ത്രി എന്ന വാഗ്ദാനവും അടങ്ങുന്ന അനൗൺസ്മെന്റ് പ്രചാരണവും എല്ലാ മേഖലകളിലും തുടങ്ങിയിട്ടുണ്ട്.