പല കാരണങ്ങൾ കൊണ്ടും വായ്പ്പുണ്ണ് ഉണ്ടാകാറുണ്ട്. അബദ്ധത്തിൽ വായുടെ ഉൾഭാഗം കടിക്കുന്നതും വിറ്റാമിനുകളുടെ കുറവും പ്രതിരോധശേഷിയിലുള്ള കുറവും മാനസിക സമ്മർദ്ദവും ഉറക്കക്കുറവുമെല്ലാം വായ്പ്പുണ്ണ് ഉണ്ടാകുന്നതിന് പ്രധാന കാരണങ്ങളാണ്.
വായ്പുണ്ണ് പൊതുവേ വൃത്താകൃതിയിലും വെളുപ്പ്, തവിട്ട്, മഞ്ഞ നിറങ്ങളിലും അഗ്രഭാഗം ചുവപ്പുനിറത്തിലുമാണ് കാണുന്നത്. കവിൾ, ചുണ്ട്, നാവിന്റെ അടിഭാഗം, അണ്ണാക്കിന്റെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിലെല്ലാം വായ്പുണ്ണ് പ്രത്യക്ഷപ്പെടാറുണ്ട്.
വായ്പുണ്ണ് മൂലം ഉണ്ടാകാറുള്ള അസഹ്യമായ വേദന, ഭക്ഷണം കഴിക്കാനും വെള്ളം കുടിക്കാനുമുള്ള വിഷമം, സംസാരിക്കാനുള്ള ബുദ്ധിമുട്ട് എന്നിവയെല്ലാം ആഴ്ചകൾ നീണ്ടുനിൽക്കുമ്പോൾ ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു.