ക്വസ്റ്റ് ഹെഡ്‌സെറ്റ് ഓപ്പറേറ്റിങ് സിസ്റ്റം മറ്റ് കമ്പനികള്‍ക്ക് തുറന്നുകൊടുത്ത് മെറ്റ പ്ലാറ്റ്‌ഫോംസ്. മൈക്രോസോഫ്റ്റ് ഉള്‍പ്പടെ വിപണിയിലെ എതിരാളികളായ ഉപകരണ നിര്‍മാതാക്കള്‍ക്കാണ് ഹാര്‍മണി ഒഎസ് തുറന്നുകൊടുത്തിരിക്കുന്നത്. വളര്‍ന്നുവരുന്ന വിര്‍ച്വല്‍ റിയാലിറ്റി മിക്‌സഡ് റിയാലിറ്റി രംഗത്ത് സ്വാധീനം വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കം.
ഇതുവഴി ഉപകരണ നിര്‍മാതാക്കളായ കമ്പനികള്‍ക്ക് മെറ്റയുടെ ഹൊറൈസണ്‍ ഒഎസ് അടിസ്ഥാനമാക്കിയുള്ള ഹെഡ്‌സെറ്റുകള്‍ നിര്‍മിക്കാനാവും. ജസ്റ്റര്‍ റെക്കഗ്നിഷന്‍, പാസ് ത്രൂ, സീന്‍ അണ്ടര്‍സ്റ്റാന്‍ഡിങ്, സ്‌പേഷ്യല്‍ ആങ്കേഴ്‌സ് തുടങ്ങി ആപ്പിളിന്റെ വിഷന്‍ പ്രോയോട് മത്സരിക്കുന്ന നിരവധി ഫീച്ചറുകള്‍ ഹാര്‍മണി ഒഎസിലുണ്ട്.
ആന്‍ഡ്രോയിഡ് അടിസ്ഥാനമാക്കി വിവിധ കമ്പനികള്‍ ഫോണുകള്‍ പുറത്തിറക്കുന്നത് പോലെ ഹാര്‍മണി ഒഎസ് അടിസ്ഥാനമാക്കിയുള്ള വിആര്‍ ഹെഡ്‌സെറ്റുകള്‍ നിര്‍മിക്കാന്‍ കമ്പനികള്‍ക്ക് സാധിക്കും.
അസൂസ്, ലെനോവോ തുടങ്ങിയ കമ്പനികള്‍ ചില പ്രത്യേക ആവശ്യങ്ങള്‍ക്കായി ഹാര്‍മണി ഒഎസ് ഉപയോഗിക്കുമെന്ന് മെറ്റ പറഞ്ഞു. അസൂസിന്റെ റിപ്പബ്ലിക് ഓഫ് ഗെയിമേഴ്‌സ് ഒരു ഗെയിമിങ് ഹെഡ്‌സെറ്റിന്റെ നിര്‍മാണത്തിലാണ്. വിനോദം, പഠനം, ഉല്പാദനക്ഷമത എന്നിവ ലക്ഷ്യമിട്ട് ലെനോവോയും ഒരു മിക്‌സഡ് റിയാലിറ്റി ഹെഡ്‌സെറ്റ് നിര്‍മിക്കുന്നുണ്ട്.
മിക്‌സഡ് റിയാലിറ്റി, വിര്‍ച്വല്‍ റിയാലിറ്റി രംഗത്തേക്ക് ഇനിയും കൂടുതല്‍ കമ്പനികള്‍ രംഗപ്രവേശം ചെയ്തിട്ടില്ല. നിലവില്‍ ഈ മേഖലയില്‍ പ്രധാനികളാണ് മെറ്റ പ്ലാറ്റ്‌ഫോംസ്. എന്നാല്‍ വിഷന്‍ പ്രോയുമായുള്ള ആപ്പിളിന്റെ കടന്നുവരവ് മെറ്റയ്ക്ക് ശക്തരായ ഒരു എതിരാളിയെ നേടിക്കൊടുത്തു.