കേരളം ഇലെക്ഷൻ ചൂടിലേക്ക് അടുക്കുമ്പോൾ കേരളത്തിലെ ചൂട് കുറഞ്ഞ മഴയാകുമോ എന്ന സംശയത്തിൽ ആണ് ജനങ്ങൾ .26 നാണ് ലോക്സഭ തിരഞ്ഞെടുപ്പ് .തിരഞ്ഞെടുപ്പ് അടുക്കുംതോറും കാലാവസ്ഥ മാറി വരികയാണ് .മാസങ്ങളോളം നീണ്ട പ്രചാരണത്തിലുടനീളം സ്ഥാനാർഥികൾക്കും പാർട്ടി പ്രവർത്തകർക്കും വെല്ലുവിളിയായത് കൊടുംചൂടാണ്. ഇടയ്ക്ക് വൈകുന്നേരങ്ങളിൽ പെയ്ത മഴ അൽപം ആശ്വാസം നൽകിയെങ്കിലും ചൂട് ഉയർന്ന നിലയിൽ തന്നെ തുടർന്നു. വോട്ടെടുപ്പ് ദിവസമെങ്കിലും കാലാവസ്ഥ അനുകൂലമാകണേ എന്ന പ്രാർഥന എല്ലാ സ്ഥാനാർഥികൾക്കുമുണ്ട്. 26ന് കേരളത്തിലെ കാലാവസ്ഥ എന്താകും, മഴ പെയ്യുമോ, അതോ കൊടുംചൂടോ? കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ പ്രവചനം അറിയാം.
സാധാരണയെക്കാൾ രണ്ട് മുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെ ചൂട് ഉയർന്നേക്കാൻ സാധ്യതയുള്ളതിനാൽ യെല്ലോ അലേർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 40 ഡിഗ്രി സെൽഷ്യസ് വരെ അനുഭവപ്പെട്ടേക്കാമെന്നാണ് മുന്നറിയിപ്പ്. കൊല്ലം, തൃശൂർ ജില്ലകളിൽ താപനില 39 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാം. കോഴിക്കോട് ജില്ലയിൽ താപനില 38 ഡിഗ്രി സെൽഷ്യസ് വരെയും ഉയരാനാണ് സാധ്യത. ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, കോട്ടയം, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 37 ഡിഗ്രി സെൽഷ്യസ് വരെ അനുഭവപ്പെടുമെന്നാണ് മുന്നറിയിപ്പ്. തിരുവനന്തപുരം, മലപ്പുറം, കാസർകോട് ജില്ലകളിൽ താപനില 36 ഡിഗ്രി സെൽഷ്യസ് വരെയും ഉയരാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.മുഴുവൻ ജില്ലകളിലും നേരിയ/മിതമായ മഴയ്ക്ക് സാധ്യതയുണ്ട്. 24ന് കണ്ണൂർ, കാസർകോട് ഒഴികെയുള്ള ജില്ലകളിയ നേരിയ മഴ ലഭിച്ചേക്കാം. 25ന് തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ട്. 26ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ നേരിയ മഴ ലഭിച്ചേക്കും. 27ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ നേരിയ മഴയ്ക്കുള്ള സാധ്യതയാണ് കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിരിക്കുന്നത്.