കോഴിക്കോട്: രാജസ്ഥാനിലെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗത്തില്‍ പ്രതികരണവുമായി ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ. തിരഞ്ഞെടുപ്പു കഴിഞ്ഞാലും രാജ്യം ഭിന്നിക്കാതെ നിലനിൽക്കണമെന്നും ഭരണ, രാഷ്ട്രീയ നേതൃത്വങ്ങളിലുള്ളവർ പക്വതയോടെ വാക്കുകൾ ഉപയോഗിക്കണമെന്നും കാന്തപുരം എ.പി.അബൂബക്കർ മുസല്യാർ. ജനങ്ങളെ ഭിന്നിപ്പിക്കുന്ന പ്രസ്താവനകൾ ആത്യന്തികമായി ദോഷം ചെയ്യുക രാജ്യത്തിനു തന്നെയാകുമെന്നും അദ്ദേഹം പറഞ്ഞു.
ഭരണഘടനാ പദവികളിൽ ഇരിക്കുന്നവർ പ്രവൃത്തിയിലും പ്രസ്താവനകളിലും പദവിയുടെ അന്തസ്സ് ഉയർത്തിപ്പിടിക്കണം. തിരഞ്ഞെടുപ്പിൽ ജയിച്ചു കയറാൻ വർഗീയതയെ ആയുധമാക്കുന്നവർ രാഷ്ട്രശരീരത്തിൽ ഏല്പിക്കുന്ന മുറിവുകൾ ആഴമേറിയതാകും. ചികിത്സിച്ചു ഭേദമാക്കാനാകാത്ത വ്രണമായി അത് നമ്മുടെ രാജ്യത്തെ രോഗാതുരമാക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രിയെ പോലൊരാൾ അത്തരത്തിൽ പ്രസ്താവന നടത്തരുതായിരുന്നു. ഇന്ത്യയിലെ മുസ്ലിം ന്യൂനപക്ഷത്തെ വെറുപ്പിന്റെ രാഷ്ട്രീയത്തിലേക്ക് വലിച്ചിഴക്കുന്നത് അങ്ങേയറ്റം തെറ്റായ നടപടിയാണെന്നും കാന്തപുരം പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി. പ്രസ്താവന തിരുത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദി തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.