ബിഹാറിൽ 5 ലോക്സഭാ മണ്ഡലങ്ങളിൽ ബിജെപി കളത്തിലില്ല. ന്യൂനപക്ഷ വോട്ടുകൾ നിർണായകമായ കിഷൻഗഞ്ച്, കതിഹാർ, പുർണിയ, ഭാഗൽപുർ, ബങ്ക മണ്ഡലങ്ങളിൽ എൻഡിഎയ്ക്കു വേണ്ടി ജനതാദൾ (യു) – ജെഡിയു– സ്ഥാനാർഥികളാണു മത്സരിക്കുന്നത്. ഇന്ത്യാസഖ്യത്തിനു വേണ്ടി കോൺഗ്രസ് മൂന്നു സീറ്റിലും ആർജെഡി രണ്ടു സീറ്റിലും കൂടെയുണ്ട്. കിഷൻഗഞ്ചിലും പുർണിയയിലും ത്രികോണ മത്സരത്തിന്റെ വാശി പ്രകടം. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിഹാറിൽ എൻഡിഎ പരാജയപ്പെട്ട ഏക മണ്ഡലമാണു കിഷൻഗഞ്ച്.
ബങ്ക: ബങ്കയിലെ മത്സരത്തിൽ ജെഡിയു സിറ്റിങ് എംപി ഗിരിധരി യാദവും ആർജെഡിയുടെ മുൻ എംപി ജയപ്രകാശ് നാരായൺ യാദവും കൊമ്പു കോർക്കുന്നു. സോഷ്യലിസ്റ്റ് പാർട്ടികളുടെ ശക്തികേന്ദ്രമായ ബങ്ക എഴുപതുകളിൽ ജനതാ പാർട്ടി നേതാവ് മധു ലിമായെയുടെ മണ്ഡലമെന്ന നിലയിലാണ് അറിയപ്പെട്ടത്.
ഭാഗൽപുർ: 1989നു ശേഷം കോൺഗ്രസ് സ്ഥാനാർഥിയെത്തുന്നത് ഇത്തവണയാണ്. ഭാഗൽപുർ കലാപമാണ് കോൺഗ്രസിനെ ദീർഘകാലം മണ്ഡലത്തിൽനിന്ന് അകറ്റി നിർത്തിയത്. കോൺഗ്രസ് സ്ഥാനാർഥി അജിത് ശർമയും ജെഡിയു സിറ്റിങ് എംപി അജയ് കുമാർ മണ്ഡലും തമ്മിലാണു മത്സരം.
കതിഹാർ: അഞ്ചു തവണ കതിഹാറിൽ നിന്നു വിജയിച്ച മുതിർന്ന കോൺഗ്രസ് നേതാവ് താരിഖ് അൻവർ മണ്ഡലം തിരിച്ചു പിടിക്കാമെന്ന പ്രതീക്ഷയിലാണു വീണ്ടും മത്സരിക്കുന്നത്. ജനതാദൾ (യു) സിറ്റിങ് എംപി ദുലാൽ ചന്ദ്ര ഗോസ്വാമിയാണ് എതിരാളി.
പുർണിയ: ജെഡിയു സിറ്റിങ് എംപി സന്തോഷ് ഖുശ്വാഹയ്ക്കും ആർജെഡി സ്ഥാനാർഥി ബിമ ഭാരതിക്കും പുറമെ സ്വതന്ത്ര സ്ഥാനാർഥിയായി പപ്പു യാദവും വന്നതോടു കൂടി ബിഹാറിൽ ശക്തമായ ത്രികോണ മത്സരം നടക്കുന്ന മണ്ഡലമായിത് മാറി. ആർജെഡി പ്രാദേശിക നേതാക്കളുടെ പിന്തുണ പപ്പു യാദവിനുള്ളതിനാൽ ഇന്ത്യാസഖ്യ വോട്ടുകൾ ഭിന്നിക്കുമെന്നും മണ്ഡലത്തിൽ ഹാട്രിക് ജയം നേടാമെന്നുമുള്ള കണക്കുകൂട്ടലിലാണ് ജെഡിയു സ്ഥാനാർഥി സന്തോഷ് ഖുശ്വാഹ.
കിഷൻഗഞ്ച്: കോൺഗ്രസ് സിറ്റിങ് എംപി മുഹമ്മദ് ജാവേദും ജെഡിയു സ്ഥാനാർഥി മുജാഹിദ് ആലവും തമ്മിലാണ് പോരാട്ടം. എഐഎംഐഎം സ്ഥാനാർഥിയായി അക്തറുൽ ഇമാന്‍റെ വരവോടെ ത്രികോണ മത്സരത്തിനു കളമൊരുങ്ങി. അസദുദ്ദീൻ ഉവൈസിയുടെ എഐഎംഐഎം ബിഹാറിൽ ശക്തി പരീക്ഷിക്കുന്ന ഏക മണ്ഡലമാണിത്.