കൊല്ലം: മുൻസിഫ് കോടതി അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ എസ്. അനീഷ്യ (41) ജീവനൊടുക്കിയ സംഭവത്തിൽ രണ്ടുപേരെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. പരവൂർ കോടതിയിലെ ഡിഡിപി അബ്ദുൾ ജലീൽ, എപിപി ശ്യാം കൃഷ്ണ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പ്രതികൾക്ക് എതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ക്രൈംബ്രാഞ്ച് ചുമത്തി. ഇവരെ നേരത്തെ സസ്പെൻഡ് ചെയ്തിരുന്നു. മാനസിക സമ്മർദം താങ്ങാനാകതെ എപിപി അനീഷ്യ ആത്മഹത്യ ചെയ്‌തെന്നാണ് കേസ്.
പറവൂർ കോടതിയിൽ ഹാജരാക്കിയതിനു പിന്നാലെ പ്രതികളെ ജാമ്യത്തിൽ വിട്ടു. ജനുവരി 21 നാണ് അനീഷ്യയെ നെടുങ്ങോലത്തെ വീട്ടിലെ കുളിമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
പരവൂരിലെ അസിസ്റ്റൻറ് പബ്ലിക് പ്രോസിക്യൂട്ടർ അനീഷ്യയുടെ ആത്മഹത്യക്ക് പിന്നിൽ സഹപ്രവർത്തകരുടെ മാനസിക പീഡനം എന്ന് കുടുംബം ആരോപിച്ചിരുന്നു. ഇത് സാധൂകരിക്കുന്ന അനീഷയുടെ ശബ്ദ സന്ദേശവും ആത്മഹത്യാക്കുറിപ്പും പിന്നീട് ലഭിച്ചിരുന്നു.
മേലുദ്യോഗസ്ഥർ മാനസിക സമ്മർദം ചെലുത്തുന്നായി ആത്മഹത്യാക്കുറിപ്പിൽ പരാമർശമുണ്ടായിരുന്നു. കേസുകളിൽനിന്നു വിട്ടു നിൽക്കാനായി അവധിയെടുക്കാൻ സഹപ്രവർത്തകരിൽനിന്നു സമ്മർദമുണ്ടായതടക്കമുള്ള കാര്യങ്ങള്‍ ആത്മഹത്യാക്കുറിപ്പിൽ പരാമർശിക്കുന്നുണ്ടായിരുന്നു. ജോലി സംബന്ധമായ രഹസ്യ റിപ്പോർട്ടുകൾ സഹപ്രവർത്തകരുടെയും മറ്റ് ഉദ്യോഗസ്ഥരുടെയും മുന്നിൽ വായിച്ചതടക്കമുള്ള കാര്യങ്ങളും കുറിപ്പിലുണ്ടായിരുന്നു.