കണ്ണൂർ: കെപിസിസി പ്രസിഡന്റും കണ്ണൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ഥിയുമായ കെ.സുധാകരന്റെ മുന്‍ പിഎ ബി.ജെ.പിയില്‍ ചേര്‍ന്നു. കക്കാട് സ്വദേശി വി കെ മനോജ് കുമാറാണ് ചൊവ്വാഴ്ച ബി.ജെ.പി അംഗത്വം സ്വീകരിച്ചത്. കണ്ണൂരിലെ എന്‍.ഡി.എ സ്ഥാനാര്‍ഥി സി രഘുനാഥ് അദ്ദേഹത്തെ ഷാള്‍ അണിയിച്ച് സ്വീകരിച്ചു.
സുധാകരന്റെ വികസനവിരുദ്ധനിലപാടില്‍ പ്രതിഷേധിച്ചാണ് ബി.ജെ.പിയിലേക്കുള്ള കൂടുമാറ്റം. വികെ മനോജ് കുമാർ 2009 മുതൽ 2014 വരെ കെ സുധാകരന്റെ പിഎ ആയി ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തനങ്ങൾ നടത്തിയിരുന്നു. എംപി എന്ന നിലയിൽ കെ സുധാകരൻ പൂർണ പരാജയമാണെന്ന് മനോജ് കുമാർ ഇന്ന് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ഇന്നത്തെ കോണ്‍ഗ്രസിന് പ്രത്യയശാസ്ത്രമില്ലെന്നും INDI മുന്നണിയിലെ പാര്‍ട്ടികളുടെ ഐഡിയോളജി പങ്കുവെച്ചാണ് കോണ്‍ഗ്രസ് മുന്നോട്ട് പോകുന്നത്. കോണ്‍ഗ്രസ് നേതൃത്വത്തില്‍ മുഴുവന്‍ കുടുംബവാഴ്ചയാണെന്നും വി.കെ മനോജ് പറഞ്ഞു. വിവരമുള്ള ഒരാളും ഇനി അധികകാലം കോണ്‍ഗ്രസിലുണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അടുത്തിടെ പത്മജ വേണുഗോപാല്‍ ബിജെപിയിൽ ചേർന്നിരുന്നു. ഡല്‍ഹിയിലെ പാര്‍ട്ടി ആസ്ഥാനത്ത് വച്ച് മുന്‍ കേന്ദ്രമന്ത്രി പ്രകാശ് ജാവ്‌ദേക്കറുടെ നേതൃത്വത്തിലാണ് പത്മജയെ ബിജെപി സ്വീകരിച്ചത്. പത്മജയ്ക്ക് പിന്നാലെ കോൺഗ്രസ് നേതാവും സ്‌പോർട്സ് കൗൺസിൽ മുൻ പ്രസിഡന്റുമായ പത്മിനി തോമസ്, തിരുവനന്തപുരം ഡിസിസി മുൻ ജനറൽ സെക്രട്ടറി തമ്പാനൂർ സതീഷ് എന്നിവരും ബിജെപിയിൽ ചേർന്നിരുന്നു.