തിരുവനന്തപുരം മുതൽ എറണാകുളം ജംഗ്ഷൻ വരെ ഓഫീസ് സമയം പാലിക്കുന്ന ട്രെയിനാണ് വേണാട് എക്സ്പ്രസ് . ആയിരക്കണക്കിന് സ്ഥിരയാത്രക്കാർ ആശ്രയിക്കുന്ന വേണാടിനെ ബദൽ മാർഗ്ഗമൊരുക്കാതെ എറണാകുളം ജംഗ്ഷൻ ഒഴിവാക്കിയാൽ വലിയ പ്രതിഷേധത്തിന് കാരണമാകും.
കോട്ടയം വഴി എറണാകുളം ഭാഗത്തേയ്ക്ക് കഠിനമായ യാത്രാക്ലേശമാണ് നിലവിൽ അനുഭവപ്പെടുന്നത്. അതിന്‍റെ കൂടെ വേണാട് എറണാകുളം ജംഗ്ഷൻ ഒഴിവാക്കുകയും കൂടി ചെയ്താൽ വലിയ ദുരിതമായിരിക്കും യാത്രക്കാർക്ക് സമ്മാനിക്കുക. തൃപ്പൂണിത്തുറയിൽ നിന്ന് 09.20 ന് വേണാട് പുറപ്പെട്ടാൽ 09.40 ന് എറണാകുളം ജംഗ്ഷനിൽ കയറാവുന്നതാണ്. പ്ലാറ്റ് ഫോം ദൗർലഭ്യം മൂലം ഔട്ടറിൽ പിടിച്ചാൽ അതും പ്രയോജനപ്പെടുത്തുന്നവരുണ്ട്.
എന്തായാലും വേണാട് 10 മണിയ്ക്ക് മുമ്പ് എറണാകുളം ജംഗ്ഷനിൽ എത്താറുണ്ട്. എന്നാൽ 09.20 ന് തൃപ്പൂണിത്തുറയിൽ ഇറങ്ങുന്ന ഒരാൾ മെട്രോ സ്റ്റേഷനിലെ രണ്ടാം നിലയിലെ പ്ലാറ്റ് ഫോമിലെത്തുമ്പോൾ തന്നെ ഏറ്റവും കുറഞ്ഞത് 15 മിനിറ്റ് പിന്നിടും. 7 മിനിറ്റ് ഇടവേളയിലാണ് മെട്രോ സർവീസ് നടത്തുന്നത്.അവിടെ നിന്ന് എറണാകുളം ജംഗ്ഷനിലേയ്ക്ക് 20 മിനിറ്റ് ദൈർഘ്യമുണ്ട്. സ്റ്റേഷനിൽ നിന്ന് പുറത്തുകടക്കാനുള്ള സമയവും കൂടി കണക്കിലെടുത്താൽ തൃപ്പണിത്തുറയിൽ നിന്ന് വേണാടിൽ ഇറങ്ങുന്നയാൾക്ക് മെട്രോ മാർഗ്ഗം സൗത്തിലെ ഓഫീസുകളിൽ സമയത്ത് എത്തുക അത്ര എളുപ്പമല്ല. ഒപ്പം 30 രൂപ മെട്രോ ടിക്കറ്റ് നിരക്കും യാത്രക്കാരനിൽ അടിച്ചേൽപ്പിക്കപ്പെടും. ഇരുദിശയിലേയ്ക്കും ദിവസേന ഈ അധിക ചെലവ് സാധാരണക്കാരന് താങ്ങാൻ കഴിയില്ല.
വേണാടിനും പാലരുവിയ്ക്കും ഇടയിൽ ഒന്നരമണിക്കൂറിലേറെ ഇടവേളയുണ്ട്. ഇതിനിടയിൽ ഒരു മെമു അനുവദിക്കണമെന്നത് യാത്രക്കാരുടെ വർഷങ്ങളായുള്ള ആവശ്യമാണ്. രണ്ട് ട്രെയിനുകളിലെ തിരക്കുകൾ നിയന്ത്രിക്കുന്നതിന് മെമു അനിവാര്യമാണ്. അത്യാവശ്യക്കാർ മെമു പ്രയോജനപ്പെടുത്തുമ്പോൾ വേണാട് എറണാകുളം ജംഗ്ഷൻ ഒഴിവാക്കുന്നതിൽ തെറ്റില്ല. അല്ലാതെയുള്ള നീക്കം യാത്രക്കാരുടെ സൗകര്യം നോക്കി നടപ്പിലാക്കുന്നതല്ല. എറണാകുളം ജംഗ്ഷനിൽ ഒരു പ്ലാറ്റ് ഫോമിൽ തന്നെ 2 മെമുവിനെ അനുവദിക്കാറുണ്ട്.
എഞ്ചിൻ മാറ്റിഘടിപ്പിക്കുന്നത് പോലുള്ള സാങ്കേതിക പ്രശ്നങ്ങൾ മെമുവിന്‍റെ ഓപ്പറേഷൻ താമസപ്പെടുത്തുന്നില്ല. മെമു പരിഗണിക്കാൻ നിലവിൽ തടസ്സങ്ങളൊന്നുമില്ല. സർവീസ് തുടങ്ങിയ കാലം മുതൽ എറണാകുളം ജംഗ്ഷനിൽ എത്തിയിരുന്ന വേണാട് ബൈപാസ്സ് ചെയ്യാനുള്ള ചർച്ചകൾ പുരോഗമിക്കുമ്പോൾ അതിലൂടെ യാത്രക്കാർ നേരിടുന്ന പ്രതിസന്ധികൾ കൂടി റെയിൽവേ പരിഗണിക്കണം.
മെട്രോ ഒരിക്കലും വേണാട് എറണാകുളം ജംഗ്ഷൻ ഒഴിവാക്കുന്നതിന് ബദലാവുന്നില്ല. വേണാടിന് യാത്രക്കാർ കൂടുതലുള്ളത് എറണാകുളം ജംഗ്ഷനിലേയ്ക്കാണ്. അവരെ വഴിയിലിറക്കി വിടുന്ന തീരുമാനമാണ് എറണാകുളം ജംഗ്ഷൻ ഒഴിവാക്കിയാൽ നടപ്പിലാക്കുന്നത്.
എറണാകുളം ജംഗ്ഷനിലെ പ്ലാറ്റ് ഫോം ദൗർലഭ്യം പരിഹരിക്കേണ്ടത് വേണാട് ഒഴിവാക്കിക്കൊണ്ടല്ല. അതൊരിക്കലും ശാശ്വതവുമല്ല. വേണാട് എറണാകുളം ജംഗ്ഷൻ ഒഴിവാക്കുന്നത് സംബന്ധിച്ച ചർച്ചകൾ റെയിൽവേയിൽ പോലും സജീവമാണ്. ഇന്ത്യയിലെ ഏറ്റവും വലിയ പൊതുഗതാഗത സംവിധാനം പുതിയ മാറ്റങ്ങൾ ചർച്ചചെയ്യപ്പെടുമ്പോൾ സാധാരണക്കാരായ യാത്രക്കാരുടെ താത്പര്യങ്ങൾ കൂടി പരിഗണിക്കേണ്ടതാണ്.