എറണാകുളം: കരുവന്നൂർ കള്ളപ്പണ കേസിൽ നടപടി കടുപ്പിച്ച് ഇഡി. കേസിൽ സി.പി.എം തൃശൂർ ജില്ലാ സെക്രട്ടറി എം.എം വർഗീസിനെ ഇ.ഡി വീണ്ടും സമൻസ് അയച്ചു. നാളെ ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടാണ് വീണ്ടും സമൻസ് നൽകിയത്.
ഇന്നലെയും, ഇന്നും ലഭിച്ച സമൻസുകളിൽ വർഗീസ് ഹാജരായിരുന്നില്ല. ഇത് ആറാം തവണയാണ് എം എം വർഗീസിനെ ഇഡി ചോദ്യം ചെയ്യാനൊരുങ്ങുന്നത്. ഇന്നലെയും ഇന്നും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരുന്നെങ്കിലും തെരഞ്ഞെടുപ്പ് തിരക്കിലാണെന്നും എത്താൻ കഴിയില്ലെന്നും എം എം വർഗീസ് ഇഡിക്ക് മറുപടി നൽകുകയായിരുന്നു. തെരഞ്ഞെടുപ്പിന് ശേഷം ഇപ്പോൾ വേണമെങ്കിലും വരാമെന്നും മറുപടിയിലുണ്ട്.
സിപിഎമ്മിന്റെ തൃശൂരിലെ ബാങ്ക് അക്കൗണ്ടുകൾ, സ്വത്തുക്കൾ എന്നിവയുടെ എല്ലാം വിവരങ്ങൾ ഹാജരാക്കാനാണ് വർഗീസിനോട് ഇഡി ആവശ്യപ്പെട്ടിരുന്നത്. ഏരിയ കമ്മിറ്റികളുടെ അടക്കം പാർട്ടിയുടെ വിവിധ കമ്മിറ്റികളുടെ പേരിലുള്ള ബാങ്ക് അക്കൗണ്ടുകളുടെ രേഖകൾ ഹാജരാക്കാൻ വർഗീസിന് ഇ ഡി നിർദേശവും നൽകിയിരുന്നു. കരുവന്നൂർ ബാങ്കിൽ നിന്നും ബിനാമി വായ്പകളിലൂടെ തട്ടിയെടുത്ത പണം ഈ അക്കൗണ്ടുകളിലേക്ക് എത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കാനാണ് രേഖകൾ ഹാജരാക്കാൻ ഇഡി ആവശ്യപ്പെട്ടത്.
കരുവന്നൂർ ബാങ്കിൽ മാത്രം സി.പി.എമ്മിന് അഞ്ച് രഹസ്യ അക്കൗണ്ടുകളുണ്ടെന്നാണ് ഇ ഡിയുടെ കണ്ടെത്തൽ. രഹസ്യ അക്കൗണ്ടുകൾ ജില്ലാ സെക്രട്ടറിയായ എം.എം വർഗീസിന്റെ അറിവോടെയാണെന്നും ഇ.ഡി കണ്ടെത്തിയിരുന്നു.