കോഴിക്കോട്: വടകര മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി ഷാഫി പറമ്പിലിന് വക്കീൽ നോട്ടീസയച്ച് എൽ.ഡി.എഫ് സ്ഥാനാർഥി കെ.കെ. ശൈലജ. സമൂഹമാധ്യമങ്ങൾ വഴിയുള്ള അധാർമ്മിക, അശ്ലീല പ്രചാരണം അവസാനിപ്പിക്കണമെന്നും തെറ്റിദ്ധരിപ്പിക്കപ്പെട്ട പൊതുജനങ്ങളോട് മാപ്പ് പറയണമെന്നും നോട്ടീസിൽ ആവശ്യപ്പെട്ടു.
യുഡിഎഫ് പ്രവര്‍ത്തകര്‍ പ്രചരിപ്പിക്കുന്ന വ്യാജ വീഡിയോകളും മോര്‍ഫ് ചെയ്ത ചിത്രങ്ങളും അശ്ലീല കമന്‍റുകളും പിന്‍വലിക്കണം. വ്യാജ വീഡിയോയും മോർഫ് ചെയ്ത ചിത്രങ്ങളും അശ്ലീല കമന്റുകളും ഷാഫിയുടെ അറിവോടെയെന്നും എന്ന് നോട്ടീസിലുണ്ട്.
ചില നിക്ഷിപ്ത തൽപര്യക്കാരും ചില ചാനലുകളും നവമാധ്യമ മേഖലയിലെ ചിലരും ഗൂഢാലോചനയിൽ കണ്ണികളാണ്. സാമൂഹിക വിരുദ്ധമായ കുറ്റകൃത്യത്തിൽ ഏർപ്പെടുന്നവരെ തള്ളിപ്പറയാനോ അവർക്ക് എതിരെ നിലപാട് കൈക്കൊള്ളാനോ ഷാഫി പറമ്പിൽ തയ്യാറായിട്ടില്ല.
സൈബര്‍ ആക്രണ കേസിലെ 16 കാര്യങ്ങള്‍ വിശദീകരിച്ചുകൊണ്ടാണ് വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്. പ്രചരിക്കുന്നവ പിൻവലിക്കാൻ തയ്യാറായില്ലെങ്കിൽ നിയമ നടപടി സ്വീകരിക്കുമെന്ന് നോട്ടീസിൽ കെ കെ ശൈലജ വ്യക്തമാക്കിയിട്ടുണ്ട്.
തന്നെ അധിക്ഷേപിച്ചതിന്റെ തെളിവുകൾ പൊതു മധ്യത്തിലുണ്ടെന്നും തനിക്കെതിരായ പ്രചാരണം ജനം തിരിച്ചറിഞ്ഞപ്പോൾ അതിൽ നിന്ന് രക്ഷപ്പെടാനാണ് യുഡിഎഫ് സ്ഥാനാർത്ഥിയുടെ ശ്രമമെന്നുമാണ് നേരത്തെ കെകെ ശൈലജ ആരോപിച്ചത്. ലോക്സഭാ തെരഞ്ഞെടുപ്പിൽ ജനം എല്ലാ കാര്യങ്ങൾക്കും മറുപടി നൽകുമെന്നും കെകെ ശൈലജ പറഞ്ഞു.
വീഡിയോ വിവാദത്തില്‍ കെകെ ശൈലജ ഇരുപത്തിനാല് മണിക്കൂറിനകം വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പ് പറഞ്ഞില്ലെങ്കില്‍ നിയമനടപടിയിലേക്ക് കടക്കുമെന്ന ഷാഫി പറമ്പിലിൻ്റെ നോട്ടീസിനോടായിരുന്നു ഇടത് സ്ഥാനാര്‍ത്ഥിയുടെ പ്രതികരണം. രാഷ്ട്രീയ നേട്ടത്തിന് വേണ്ടി തനിക്കെതിരെ ആരോപണമുന്നയിച്ചെന്നും ഷാഫി പറഞ്ഞിരുന്നു.