ഹൈദരാബാദ് : നിർമാണത്തിലിരിക്കുന്ന പാലം കാറ്റുവീശിയതോടെ തകർന്ന് വീണു. തെലങ്കാനയിലെ പെഡ്ഡപ്പള്ളി ജില്ലയിലുള്ള മനായിർ നദിക്ക് കുറുകെ നിർമാണത്തിലിരുന്ന പാലമാണ് അപകടത്തിൽപ്പെട്ടത്. ചൊവ്വാഴ്ച പുലർച്ചെയായിരുന്നു സംഭവം. അപകടസമയത്ത് പാലത്തിന് സമീപം ആരും ഉണ്ടാകാതിരുന്നിനാൽ ആളപായമുണ്ടായില്ല.
നേരം പുലർന്നപ്പോൾ പാലം തകർന്നുകിടക്കുന്നത് ശ്രദ്ധയിൽപ്പെട്ട ഗ്രാമവാസികളാണ് വിവരം പോലീസിൽ അറിയിച്ചത്.47.60 കോടി രൂപ ചെലവിൽ 2016ലാണ് പാലത്തിന്റെ നിർമാണം ആരംഭിച്ചത്. ഒഡേഡുവിനെയും ഗർമില്ലാപള്ളിയെയും തമ്മിൽ ബന്ധിപ്പിക്കുന്ന പാലം ഒരു വർഷത്തിനകം പൂർത്തീകരിക്കുമെന്നായിരുന്നു സർക്കാർ പറഞ്ഞിരുന്നത്.
എന്നാൽസംസ്ഥാന സർക്കാരിന്റെ പിടിപ്പുകേട് കാരണം നിർമാണം നീളുകയായിരുന്നു. കരാറുകാർ നിരന്തരം മാറുകയും ഫണ്ടിന്റെ അപര്യാപ്തതയും നിർമാണപ്രവർത്തനങ്ങൾ വഴിമുട്ടാൻ കാരണമായി. ഇതിനിടെയാണ് ശക്തമായ കാറ്റുവീശിയപ്പോൾ പാലം തകർന്നുവീണത്.