അംറോഹ: കോൺഗ്രസ് അധികാരത്തിലെത്തിയാൽ രാജ്യത്ത് ശരിഅത്ത് നിയമം നടപ്പാക്കുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ശരിഅത്ത് നിയമം നടപ്പാക്കുമെന്നും ജനങ്ങളുടെ സ്വത്ത് പുനർവിതരണം ചെയ്യുമെന്നും കോൺഗ്രസ് പ്രകടന പത്രികയിൽ പറഞ്ഞിട്ടുണ്ടെന്ന് യോഗി ആദിത്യനാഥ് ആരോപിച്ചു. അംബേദ്കർ ഉണ്ടാക്കിയ ഭരണഘടനയാണോ ശരിഅത്ത് ആണോ വേണ്ടത് എന്നും യോഗി ചോദിച്ചു.
കോൺഗ്രസ് പ്രകടനപത്രികയിൽ പറയുന്നത് അവർ ജനങ്ങളുടെ സ്വത്ത് വിതരണം ചെയ്യുമെന്നാണ്. നിങ്ങളുടെ സ്വത്ത് കൊള്ളയടിക്കാൻ കോൺഗ്രസിനെയും സമാജ്‌വാദി പാർട്ടിയെയും അനുവദിക്കണോ? ഒരു വശത്ത്, അവർ നിങ്ങളുടെ സ്വത്തിൽ കണ്ണുംനട്ടിരിക്കുകയും മറുവശത്ത് മാഫിയകളെയും കുറ്റവാളികളെയും സഹായിക്കുകയും ചെയ്യുകയാണെന്നും യോഗി ആരോപിച്ചു.
കോൺഗ്രസ് പ്രകടനപത്രികയിൽ ജനങ്ങളുടെ സ്വത്ത് പുനർവിഭജനം ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തെരഞ്ഞെടുപ്പ് റാലികളിൽ പറഞ്ഞിരുന്നു. പിന്നാലെയാണ് യോഗിയുടെ വിവാദ പരാമര്‍ശം. വ്യക്തി നിയമങ്ങൾ നടപ്പാക്കുമെന്ന് കോൺഗ്രസുകാർ അവരുടെ പ്രകടന പത്രികയിൽ പറയുന്നു. അതായത് മോദിജി മുത്തലാഖ് നിർത്തലാക്കിയതിനാൽ ശരിഅത്ത് നിയമം നടപ്പാക്കുമെന്നാണ് കോൺഗ്രസ് പറയുന്നതെന്നും യോഗി പറഞ്ഞു.