ബാങ്ക് ഇതര ധനകാര്യ സ്ഥാപനമായ മഹീന്ദ്ര ആൻഡ് മഹീന്ദ്ര ഫിനാൻഷ്യൽ സർവീസസിൽ വൻ സാമ്പത്തിക തട്ടിപ്പ് നടന്നതായി സ്ഥിരീകരിച്ച് കമ്പനി. ഒരു ശാഖയിൽ 150 കോടി രൂപയുടെ തട്ടിപ്പ് നടന്നതായാണ് കണ്ടെത്തിയത്.മൊത്തം കടമെടുക്കൽ പരിധിയിലെ വർദ്ധനവും നോൺ-കൺവേർട്ടിബിൾ ഡിബഞ്ചറുകൾ ഇഷ്യു വഴിയുള്ള ഫണ്ട് ശേഖരണവും സംബന്ധിച്ച ചർച്ചകളും മാറ്റിവച്ചിട്ടുണ്ട്.
കെവൈസി രേഖകൾ വ്യാജമായി നിർമ്മിച്ചാണ് തട്ടിപ്പ് നടത്തിയിരിക്കുന്നത്. കമ്പനി വിതരണം ചെയ്ത വാഹന വായ്പകൾ വ്യാജ രേഖകൾ ഉപയോഗിച്ച് തട്ടിയെടുക്കുകയായിരുന്നു. കേസിന്റെ അന്വേഷണം പുരോഗമിക്കുകയാണ്. പ്രതികളെ അറസ്റ്റ് ചെയ്തോ തുടങ്ങിയ കൂടുതൽ വിവരങ്ങൾ കമ്പനി നൽകിയിട്ടില്ല.
തട്ടിപ്പിനെ കുറിച്ച് വിവരങ്ങൾ ലഭിച്ചതോടെ ആവശ്യമായ തിരുത്തൽ നടപടികൾ ആരംഭിച്ചിട്ടുണ്ടെന്നും അവ നടപ്പിലാക്കി കൊണ്ടിരിക്കുകയാണെന്നും മഹീന്ദ്ര ആൻഡ് മഹീന്ദ്ര ഫിനാൻഷ്യൽ സർവീസസ് എക്സേഞ്ചുകളെ അറിയിച്ചു.. വിഷയം റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ തട്ടിപ്പ് നിരീക്ഷണ സെല്ലിനെ അറിയിച്ചിട്ടുണ്ട്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പിൽ പങ്കെടുത്ത ഏതാനും പേർ പിടിയിലായതെന്നാണ് സൂചന. തട്ടിപ്പിന്റെ വിവരം ഓഹരി വിപണിയെ അറിയിച്ചതോടെ കമ്പനിയുടെ ഓഹരി വിലയിൽ ഇടിവ് രേഖപ്പെടുത്തി. ഓഹരികൾ 15 ശതമാനത്തിലധികമാണ് ഇടിഞ്ഞത്. 263 രൂപയിലാണ് ഇന്ന് മഹീന്ദ്ര ഫിനാൻസ് ഓഹരികൾ ക്ലോസ് ചെയ്തത്.