കോഴിക്കോട്: കോഴിക്കോട് ഐസിയു പീഡനക്കേസിലെ അതിജീവിത റോഡരികിൽ സമരമിരുന്ന സംഭവത്തിൽ ഉത്തരമേഖല മേഖല ഐജി കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണറോട് വിശദീകരണം തേടി. ഗൈനക്കോളജിസ്റ്റ് കെവി പ്രീതിക്കെതിരായ കേസിൽ അന്വേഷണ റിപ്പോർട്ട് അഞ്ച് മാസത്തിലേറെയായിട്ടും അതിജീവിതയ്ക്ക് കൈമാറാത്തതിലും 3 ദിവസത്തിനകം വിശദീകരണം നല്‍കണമെന്നാണ് കമ്മീഷണര്‍ക്ക് ഐജി നിര്‍ദ്ദേശം നല്‍കിയത്.
ലോക്‌സഭാ തെരഞ്ഞെടുപ്പ് സാഹചര്യം കൂടി കണക്കിലെടുത്ത് സംഭവം അന്വേഷിക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ഐജിയ്‌ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇത് പ്രകാരമാണ് കമ്മീഷണറോട് ഐജി വിശദീകരണം തേടിയത്.
അതേസമയം വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ടിട്ടും റിപ്പോർട്ട് നൽകാൻ വൈകുന്നതിൽ പ്രതിഷേധിച്ച് അതിജീവിത സമരം കോഴിക്കോട് സിറ്റിപൊലീസ് കമ്മീഷര്‍ ഓഫീസിന് മുന്നിലെ റോഡിലേക്ക് നീട്ടി. റിപ്പോർട്ട് കിട്ടും വരെ സമരം തുടരാനാണ് തീരുമാനം.