തിരുവനന്തപുരം: കൊച്ചുമകളെ ലൈംഗികമായി പീഡിപ്പിച്ച 72കാരന് 20 വർഷം കഠിന തടവും 4ലക്ഷം രൂപ പിഴയും വിധിച്ച് ആറ്റിങ്ങല്‍ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി. മകളുടെ മകളെ പീഡിപ്പിച്ച കേസില്‍ മംഗലപുരം സ്വദേശിയെയാണ് കോടതി ശിക്ഷിച്ചത്.
2019 നവംബറിലായിരുന്നു കേസിനാസ്പദമായ സംഭവം. മകളുടെ വീട്ടില്‍ ഇടയ്ക്ക് താമസത്തിന് എത്തുമ്ബോഴായിരുന്നു പീഡനം. ഭയന്ന പെണ്‍കുട്ടി വിവരം ആരോടും പറഞ്ഞില്ല. അപ്പൂപ്പനുള്ളപ്പോള്‍ സ്ഥിരമായി വീട്ടില്‍ പറയാതെ കൂട്ടുകാരിയുടെ വീട്ടില്‍ പോകുന്നതില്‍ സംശയം തോന്നിയ പെണ്‍കുട്ടിയെ മാതാവ് കൗണ്‍സിലിംഗിന് ഹാജരാക്കി. തുടർന്നാണ് സംഭവം പുറത്തറിയുന്നത്. പിന്നീട് കുട്ടിയെ മഹിളാ മന്ദിരത്തിലേക്ക് മാറ്റി.
പൂജപ്പുര പൊലീസാണ് കേസ് ആദ്യം രജിസ്റ്റർ ചെയ്തെങ്കിലും സംഭവസ്ഥലം മംഗലപുരം പൊലീസ് സ്റ്റേഷൻ പരിധിയിലായതിനാല്‍ എഫ്‌ഐആർ ഈ സ്റ്റേഷനിലാണ് രജിസ്റ്റർ ചെയ്ത്. ആറ്റിങ്ങല്‍ ഫാസ്റ്റ് സ്പെഷ്യല്‍ കോടതി ജഡ്ജി ബിജുകുമാർ സി ആർ ആണ് ശിക്ഷ വിധിച്ചത്. പിഴത്തുകയില്‍ മൂന്നര ലക്ഷം രൂപ അതിജീവിതയ്ക്ക് നല്‍കണമെന്നും ഉത്തരവുണ്ട്. പിഴത്തുക കെട്ടിവച്ചില്ലെങ്കില്‍ പ്രതി 8 മാസം അധിമായി കഠിനതടവ് അനുഭവിക്കണം. ലീഗല്‍ സർവീസ് അതോറിട്ടി മുഖേന അതിജീവിതയ്ക്ക് നഷ്ടപരിഹാരത്തിന് അർഹതയുണ്ടെന്നും കോടതി നിർദേശിച്ചു.