തൃശൂരിൽ 13 വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം; 60 കാരന് 45 വര്‍ഷം തടവും 2,25,000 രൂപ പിഴയും ശിക്ഷ

തൃശൂര്‍: തൃശൂരിൽ 13 വയസുകാരിക്ക് എതിരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ പ്രതിക്ക് 45 വര്‍ഷം തടവും 2,25,000 രൂപ പിഴയും ശിക്ഷ വിധിച്ച് ഇരിങ്ങാലക്കുട അതിവേഗ സ്‌പെഷല്‍ കോടതി. മറ്റത്തൂര്‍ സ്വദേശി രാജനെതിരെയാണ് കോടതി ശിക്ഷാവിധി പ്രഖ്യാപിച്ചത്.

2020 കാലയളവിലാണ് സംഭവം. പ്രായപൂര്‍ത്തിയാകാത്ത 13 വയസുകാരിക്ക് എതിരെ ലൈംഗികാതിക്രമം നടത്തിയെന്ന് ആരോപിച്ച് വെള്ളിക്കുളങ്ങര പൊലീസ് ചാര്‍ജ് ചെയ്ത കേസിലാണ് വിധി.

പോക്‌സോ നിയമത്തിന്റെ വിവിധ വകുപ്പുകള്‍ പ്രകാരം 40 വര്‍ഷം കഠിനതടവും കൂടാതെ അഞ്ചു വര്‍ഷം തടവും 2,25,000 രൂപ പിഴയും ഒടുക്കണം. പിഴ ഒടുക്കാതിരുന്നാല്‍ 15 മാസം വെറും തടവിനുമാണ് ശിക്ഷിച്ചത്. പ്രതിയെ വിയ്യൂര്‍ ജയിലിലേക്ക് റിമാന്‍ഡ് ചെയ്തു. പിഴ സഖ്യ ഈടാക്കിയാല്‍ ആയത് അതിജീവിതയ്ക്ക് നഷ്ടപരിഹാരമായി നല്‍കുവാനും പ്രതി റിമാന്‍ഡ് കാലയളവില്‍ ജയിലില്‍ കഴിഞ്ഞ കാലയളവ് ശിക്ഷയില്‍ ഇളവ് നല്‍കുവാനും വിധിയില്‍ നിര്‍ദേശമുണ്ട്.