ഗെയിക്‌വാദിന്‍റെ സെഞ്ച്വറിക്ക് സ്റ്റോയ്നിസിന്‍റെ മറുപടി; ചെന്നൈയെ തകര്‍ത്ത് ലഖ്നൗ

ചെന്നൈ: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ ലഖ്നൗ സൂപ്പര്‍ ജയന്‍റ്സിന് ആറ് വിക്കറ്റിന്‍റെ തകര്‍പ്പൻ ജയം. ചെന്നൈ സൂപ്പര്‍ കിംഗ്സ് ഉയര്‍ത്തിയ 211 റണ്‍സിന്‍റെ കൂറ്റൻ വിജയലക്ഷ്യം മൂന്ന് പന്തുകളും ആറ് വിക്കറ്റും ബാക്കി നിര്‍ത്തി ലഖ്നൗ മറികടന്നു. 56 പന്തില്‍ സെഞ്ചുറി നേടിയ സ്റ്റോയ്നിസ് 63 പന്തില്‍ 124 റണ്‍സുമായി പുറത്താകാതെ നിന്നു. 15 പന്തില്‍ 34 റണ്‍സെടുത്ത നിക്കോളാസ് പുരാനും ആറ് പന്തില്‍ 17 റണ്‍സുമായി ദീപക് ഹൂഡയും പിന്തുണച്ചു. ജയത്തോടെ ചെന്നൈയെ പിന്തള്ളി ലഖ്നൗ പോയന്‍റ് പട്ടികയില്‍ നാലാം സ്ഥാനത്തേക്ക് കയറി.

211 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ലഖ്നൗവിന് ആദ്യ ഓവറിലെ മൂന്നാം പന്തില്‍ തന്നെ ക്വിന്‍റണ്‍ ഡി കോക്കിനെ(0) നഷ്ടമായി. ക്യാപ്റ്റന്‍ കെ എല്‍ രാഹുലിനും(14 പന്തില്‍ 16) ക്രീസില്‍ അധികം ആയുസുണ്ടായില്ല. ഇംപാക്ട് പ്ലേയറായി എത്തിയ ദേവ്ദത്ത് പടിക്കല്‍ 19 പന്തുതള്‍ നേരിട്ട് 13 റണ്‍സുമായി പതിരാനയുടെ പന്തില്‍ ബൗള്‍ഡായി മടങ്ങി. പിന്നീടായിരുന്നു ലഖ്നൗവിന് പ്രതീക്ഷ നല്‍കിയ സ്റ്റോയ്നിസ്-പുരാന്‍ കൂട്ടുകെട്ട്. നാലാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 70 റണ്‍സടിച്ച് ലഖ്നൗവിന്‍റെ പ്രതീക്ഷ കാത്തു. നിര്‍ണായക സമയത്ത് പുരാന്‍ മടങ്ങിയെങ്കിലും ദീപക് ഹൂഡയെ കൂട്ടുപിടിച്ച് സ്റ്റോയ്നിസ് നടത്തിയ പോരാട്ടം ലഖ്നൗവിനെ അവിശ്വസനീയ ജയത്തിലെത്തിച്ചു. 13 ഫോറും ആറ് സിക്സും അടങ്ങുന്നതാണ് സ്റ്റോയ്നിസിന്‍റെ ഇന്നിംഗ്സ്.

നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റിങിനിറങ്ങിയ ചെന്നൈ നിശ്ചിത 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 210 റൺസിന്റെ കൂറ്റൻ സ്‌കോർ പടുത്തുയർത്തി. 60 പന്തിൽ 12 ഫോറും മൂന്ന് സിക്‌സറും സഹിതം 108 റൺസുമായി ഗെയിക്‌വാദ് പുറത്താകാതെ നിന്നു. 27 പന്തിൽ മൂന്ന് ഫോറും ഏഴ് സിക്‌സറും സഹിതം 66 റൺസുമായി ശിവം ദുബെ മികച്ച പിന്തുണ നൽകി. 104 റൺസ് കൂട്ടുകെട്ടാണ് ദുബെയും ഗെയിക്‌വാദും ചേർന്ന് അടിച്ചെടുത്തത്.

സ്വന്തം തട്ടകമായ ചെപ്പോക്ക് സ്‌റ്റേഡിയത്തിൽ മഞ്ഞപ്പടയുടെ തുടക്കം മികച്ചതായിരുന്നില്ല. സ്‌കോർ ബോർഡിൽ ആറു റൺസ് തെളിയുമ്പോഴേക്ക് ഓപ്പണർ അജിൻക്യ രഹാനെയെ (1) നഷ്ടമായി. ഡാരൻ മിച്ചൽ (11) ഒരിക്കൽകൂടി പരാജയപ്പെട്ടതോടെ ആതിഥേയർക്ക് പവർപ്ലെയിൽ രണ്ട് വിക്കറ്റ് നഷ്ടമായി. ആദ്യ ഓവറുളിൽ മൂന്ന് ക്യാച്ചുകളാണ് ലഖ്‌നൗ ഫീൽഡർമാർ നഷ്ടപ്പെടുത്തിയത്. നാലാമതായി ക്രീസിലെത്തിയ ജഡേജക്കും മികച്ച ഇന്നിങ്‌സ് പടുത്തുയർത്താനായില്ല.

16 റൺസെടുത്ത ഓൾറൗണ്ടറെ മൊഹസിൻ ഖാൻ മടക്കി. എന്നാൽ നാലാം വിക്കറ്റിൽ ഒത്തുചേർന്ന ഗെയിക് വാദ് -ദുബെ കൂട്ടുകെട്ട് ടീമിനെ മികച്ച സ്‌കോറിലേക്കെത്തിക്കുകയായിരുന്നു. അവസാന പന്തിൽ ക്രീസിലെത്തിയ എംഎസ് ധോണി ബൗണ്ടറി പായിച്ച് സ്‌കോർ 210ലേക്കെത്തിച്ചു. ലഖ്‌നൗ നിരയിൽ മാറ്റ് ഹെൻട്രി, യാഷ് താക്കൂർ, മുഹസിൻ ഖാൻ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.