കൊച്ചി: ഡൽഹി ലഫ്. ഗവർണർ വിനയ്കുമാർ സക്സേന കൊച്ചിയിൽ എത്തി ക്രൈസ്തവ സഭാധ്യക്ഷന്മരുമായി കൂടിക്കാഴ്ച നടത്തും. ഇന്ന് രാത്രി 11 മണിക്ക് ഡൽഹിയിൽ നിന്നുള്ള വിമാനത്തിൽ കൊച്ചിയിൽ എത്തിച്ചേരുമെന്നാണ് അറിയിച്ചിരിക്കുന്നത്. കൊച്ചിയിൽ കർദിനാൾ മാർ റാഫേൽ തട്ടിലുമായാണ് ആദ്യ കൂടിക്കാഴ്ച. 12 മണിക്ക് ഓർത്തഡോക്സ് സഭാധ്യക്ഷനുമായി കൂടിക്കാഴ്ച നടത്തും. തുടർന്ന് ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളജിന്റെ പരിപാടിയിൽ വിനയ്കുമാർ സക്സേന മുഖ്യാഥിതിയായി പങ്കെടുക്കും. വ്യാഴാഴ്ച തിരുവനന്തപുരത്ത് ബിഷപ്പ് തോമസ് ജെ നെറ്റോയെയും അദ്ദേഹം കാണും.
കഴിഞ്ഞ ദിവസം പത്തനംതിട്ട പാർലമെന്റ് മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥി അനിൽ കെ. ആന്റണിക്ക് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ചിന്റെ നേതൃത്വത്തിൽ തിരുവല്ലയിൽ സ്വീകരണം നൽകിയിരുന്നു. അനിൽ ആന്റണിക്ക് പൂർണ പിന്തുണ നൽകുമെന്ന് സഭാ നേതൃത്വം അറിയിച്ചു. സഭയുടെ തിരുവല്ലയിലുള്ള യൂത്ത് സെന്ററിൽ നടന്ന യോഗത്തിൽ ഭദ്രാസന അധ്യക്ഷൻ മാത്യൂസ് മാർ സിൽവാനിയോസ് മെത്രാപ്പൊലിത്ത, സഭാ പി.ആർ.ഒ ഫാ. സിജോ പന്തപ്പള്ളിൽ തുടങ്ങി നൂറോളം വൈദികരും സഭാ വിശ്വാസികളും സ്വീകരണ ചടങ്ങിൽ പങ്കെടുത്തു. മെത്രാപോലീത്തയും അനിൽ കെ. ആന്റണിയും യോഗത്തിൽ സംസാരിച്ചു. അനിലിന്റെ വിജയത്തിന് എല്ലാ പിന്തുണയും നൽകുമെന്ന് യോഗത്തിൽ ഉറപ്പ് നൽകി. ഇതാദ്യമായാണ് ഒരു ക്രൈസ്തവ സഭ ബിജെപിക്ക് പരസ്യ പിന്തുണ നൽകിയത്.