ന്യൂഡൽഹി: വധശിക്ഷയ്ക്കു വിധിക്കപ്പെട്ടു യെമൻ തലസ്ഥാനമായ സനയിലെ ജയിലിൽ കഴിയുന്ന മലയാളി യുവതി നിമിഷപ്രിയയെ കാണാൻ അമ്മ പ്രേമകുമാരിക്ക് അനുമതി. ഉച്ചക്ക് ശേഷം സനയിലെ ജയിലിലെത്താനാണ് അധികൃതർ നിർദേശം നൽകിയിട്ടുള്ളത്. 12 വർഷത്തിന് ശേഷമാണ് പ്രേമകുമാരി നിമിഷയെ കാണുന്നത്.
നിമിഷ പ്രിയയെ കാണാൻ അമ്മ പ്രേമകുമാരി ശനിയാഴ്ചയാണ് യമനിലെത്തിയത്. മനുഷ്യാവകാശ പ്രവർത്തകൻ സാമുവേൽ ജെറോം വഴിയാണ് ജയിൽ അധികൃതർക്ക് അപേക്ഷ നൽകിയത്. നിമിഷയുടെ മോചനത്തിനായി കൊല്ലപ്പെട്ട യമൻ പൗരന്‍റെ കുടുംബവുമായി ചർച്ച നടത്താനുള്ള ശ്രമത്തിലാണ് പ്രേമകുമാരി.
2017 ജൂലൈ 25ന് യെമൻ സ്വദേശിയെ കൊലപ്പെടുത്തി മൃതദേഹം വീടിനുമുകളിലെ ജലസംഭരണിയിൽ ഒളിപ്പിച്ചെന്ന കേസിലാണ് നിമിഷയെ വധശിക്ഷയ്ക്കു വിധിച്ചത്. നഴ്സായി ജോലി ചെയ്യുന്നതിനിടെ സ്വന്തമായി ക്ലിനിക് തുടങ്ങാൻ സഹായവാഗ്ദാനവുമായി വന്ന യുവാവ് പാസ്പോർട്ട് പിടിച്ചെടുത്ത് ഭാര്യയാക്കിവയ്ക്കാൻ ശ്രമിച്ചതാണ് കൊലപാതകത്തിലേക്കു നയിച്ചത്.