മാനന്തവാടി: കമ്പമലയിൽ വീണ്ടും മാവോയിസ്റ്റുകൾ എത്തി. രാവിലെ 6.15ന് തലപ്പുഴ കമ്പമലയിലെത്തിയ മാവോയിസ്റ്റുകൾ തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്തു. 20 മിനിറ്റോളം തൊഴിലാളികളുമായി സംസാരിക്കുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തു. 4 പുരുഷന്മാരാണു സംഘത്തിലുണ്ടായിരുന്നത് എന്നാണു വിവരം.
2 പേരുടെ കയ്യിൽ ആയുധങ്ങൾ ഉണ്ടായിരുന്നെന്നും സി.പി.മൊയ്തീനും സംഘത്തിലുണ്ടായിരുന്നതായും നാട്ടുകാർ പറഞ്ഞു. തൊഴിലാളികൾ താമസിക്കുന്ന പാടിയോടു ചേർന്ന കവലയിലാണു മാവോയിസ്റ്റുകളെത്തിയത്. പൊലീസ് സ്ഥലത്തെത്തി. മുൻപും മാവോയിസ്റ്റുകൾ ഇവിടെ എത്തി സിസിടിവി തകർക്കുകയും പാർട്ടി ഓഫിസുകൾ ആക്രമിക്കുകയും ചെയ്തിരുന്നു. മാസങ്ങള്‍ക്ക് മുൻപ് പ്രദേശത്തെ വനം വികസന കോർപറേഷന്‍റെ ഓഫീസ് മാവോയിസ്റ്റുകള്‍ അടിച്ചുതകർത്തിരുന്നു. പിന്നീട് കമ്പമല ഭാഗത്തു നിന്ന് രണ്ട് പേരെ പിടികൂടി. അതിനുശേഷം പ്രദേശത്ത് ഏറെക്കാലം മാവോയിസ്റ്റുകളുടെ സാന്നിധ്യം ഉണ്ടായിരുന്നില്ല.