ചെന്നൈ: വിദ്യാർഥിനിയെ പീഡിപ്പിച്ച അധ്യാപകൻ 15 വർഷങ്ങൾക്കുശേഷം അറസ്റ്റിലായി. കലാക്ഷേത്രയിലാണ് പീഡന ആരോപണം വീണ്ടും ഉണ്ടായത്. മുൻ അധ്യാപകൻ ശ്രീജിത്ത് കൃഷ്ണ (51)യാണ് അറസ്റ്റിലായത്.
വിദേശത്തു താമസിക്കുന്ന പൂർവ വിദ്യാർഥിനി ചെന്നൈ പൊലീസ് കമ്മിഷണർക്ക് ഇമെയിൽ വഴി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിട്ടുള്ളത്. കലാക്ഷേത്രയിൽ പഠിക്കുമ്പോൾ 15 വർഷം മുൻപ് ശ്രീജിത്ത് ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് ആരോപണം.
അഡയാർ വനിതാ പൊലീസ് വിഡിയോ കോൺഫറൻസിലൂടെ യുവതിയെ ചോദ്യം ചെയ്തു. ആരോപണത്തിൽ കഴമ്പുണ്ടെന്ന് അന്വേഷണത്തിൽ വ്യക്തമായെന്നു പൊലീസ് പറയുന്നു.
തുടർന്നാണു പീഡനം ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരം പൊലീസ് കേസെടുത്ത് ശ്രീജിത്തിനെ അറസ്റ്റ് ചെയ്തത്. ഇയാളെ റിമാൻഡ് ചെയ്തു.