നടി, മോഡൽ, ഡാൻസർ എന്നീ നിലകളിലെല്ലാം ശ്രദ്ധ നേടിയ താരമാണ് സാനിയ ഇയ്യപ്പൻ. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ കൂടിയായ താരം ഫൊട്ടൊഷൂട്ട് ചിത്രങ്ങളും ഡാൻസ് റീലുകളുമൊക്കെ പങ്കുവയ്ക്കാറുണ്ട്. യാത്രകളും ആഘോഷങ്ങളും ഭക്ഷണവുമെല്ലാം സാനിയയ്ക്ക് ഏറെ പ്രിയപ്പെട്ടതാണ്. ഇപ്പോഴിതാ തന്റെ ഇരുപത്തിരണ്ടാം പിറന്നാൾ ആഘോഷമാക്കുന്ന താരത്തിന്റെ ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. അടുത്ത സുഹൃത്തുക്കൾക്കൊപ്പം ഗോവയിലായിരുന്നു നടിയുടെ പിറന്നാൾ ആഘോഷം. കേക്ക് മുറിച്ച് പിറന്നാൾ ആഘോഷിക്കുന്ന ചിത്രങ്ങൾ സാനിയ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നു.
താരങ്ങൾ ഉൾപ്പടെ നിരവധിപ്പേരാണ് സാനിയയ്ക്ക് പിറന്നാൾ ആശംസകളുമായി എത്തിയത്. അതേസമയം നടിയുടെ വസ്ത്രധാരണത്തെ വിമർശിച്ചും കമന്റുകളെത്തി. വസ്ത്രധാരണത്തിന്റെ പേരിൽ പലപ്പോഴും സമൂഹ മാധ്യമങ്ങളില്‍ വിമർശനം ഏറ്റുവാങ്ങേണ്ടി വരുന്ന താരമാണ് സാനിയ. പിറന്നാളിന് തിരഞ്ഞെടുത്ത ഈ വസ്ത്രവും ഇത്തരക്കാർക്കുള്ള മറുപടിയാണെന്നാണ് നടിയുടെ ആരാധകര്‍ പറയുന്നത്.
View this post on Instagram
റിയാലിറ്റി ഷോയിലൂടെ എത്തി സിനിമയിൽ സജീവമായ സാനിയ മോഡലിങ്ങിലും വ്യക്തിമുദ്ര പതിപ്പിച്ചിരുന്നു. ബാല്യകാല സഖി എന്ന ചിത്രത്തിലൂടെ ബാലതാരമായി എത്തി. ക്വീൻ എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറ്റം. പൊതുവേ ഫാഷൻ പരീക്ഷണങ്ങളോട് താൽപര്യമുള്ള കൂട്ടത്തിലാണ് സാനിയ. ഗ്ലാമറസ് വസ്ത്രങ്ങളിലാണ് സാനിയയെ പലപ്പോഴും കാണാറും. സ്വന്തമായി ഒരു വസ്ത്ര ബ്രാൻഡിനും സാനിയ തുടക്കമിട്ടിരുന്നു. സാനിയാസ് സിഗ്നേച്ചർ എന്നാണ് താരത്തിന്റെ വസ്ത്ര ബ്രാൻഡിന്റെ പേര്. ഓൺലൈൻ വസ്ത്ര ബ്രാൻഡാണിത്. ഫാഷനെ സ്നേഹിക്കുന്നവർക്ക് വേണ്ടിയുള്ളതാണിതെന്നും താരം പറഞ്ഞിരുന്നു.
പ്രേതം 2, സകലകലാശാല, ദ് പ്രീസ്റ്റ്, സല്യൂട്ട്, സാറ്റർഡേ നൈറ്റ് തുടങ്ങി നിരവധി ചിത്രങ്ങളിൽ വേഷമിട്ടു. ഇരഗുപട്രു എന്ന ചിത്രത്തിലൂടെ തമിഴിലും നായികയായി എത്തി. ഈ മാസം റിലീസ് ചെയ്ത ചിത്രത്തിലെ സാനിയയുടെ പ്രകടനത്തിന് പ്രശംസ ലഭിക്കുന്നുണ്ട്. എമ്പുരാൻ നടിയുടെ പുതിയ പ്രോജക്ട്.