പാലക്കാട് : 12കാരൻ ജീവനൊടുക്കിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. വാവനൂർ കട്ടിൽമാടത്തെ മുല്ലക്കൽവീട്ടിൽ സൂര്യനാരായണൻ (12) ആത്മഹത്യചെയ്ത സംഭവത്തിൽ പ്രദേശവാസി വാക്കേല വളപ്പിൽ മണികണ്ഠനെയാണ് (38) ചാലിശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്. കുട്ടി ജീവനൊടുക്കുന്നതിന് മുൻപ് നടന്ന സംഭവം കുട്ടിയെ മരണത്തിലേക്ക് നയിക്കുകയായിരുന്നു.
ചാത്തനൂർ ജി.എച്ച്.എസ്.എസിലെ ഏഴാം ക്ലാസ് വിദ്യാർഥിയാണ്. വീട്ടിൽനിന്ന് വളർത്തുമീൻ മോഷ്ടിച്ചെന്നാരോപിച്ച് മണികണ്ഠൻ ഭീഷണിപ്പെടുത്തിയതിനാലാണ് മകൻ ആത്മഹത്യചെയ്തതെന്ന് സൂര്യനാരായണന്റെ അമ്മയും സഹോദരനും ആരോപിച്ചിരുന്നു. യുവാവ് വളർത്തുമീൻ മോഷ്ടിച്ചെന്നാരോപിച്ച് വീട്ടിലെത്തി കുട്ടിയുടെ ചിത്രം ഫോണിൽ പകർത്തി.
പിന്നാലെ ഇവ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുമെന്നും പറഞ്ഞിരുന്നു. ഇതിൽ ഭയന്നാണ് കുട്ടി ജീവനൊടുക്കിയത്. എസ്.എച്ച്.ഒ. കെ. സതീഷ് കുമാർ, എസ്.ഐ. വി.ആർ. റിനീഷ് കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് മണ്കണ്ഠനെ അറസ്റ്റ് ചെയ്തത്. ഒറ്റപ്പാലം സബ് ജയിലിലേക്ക് റിമാൻഡ് ചെയ്തു.
















