ചോറിന് തോരൻ വെയ്ക്കാറുണ്ടല്ലേ? പച്ചക്കറി തോരനിൽ നിന്നും അല്പം വ്യത്യസ്തമായി ചെമ്മീന്‍ തോരൻ തയ്യറാക്കി നോക്കിയാലോ? മത്സ്യപ്രേമികളുടെ ഇഷ്ടഭക്ഷണമാണ് ചെമ്മീൻ. ചെമ്മീന്‍ കൊണ്ട് പുതിയ രീതിയില്‍ ഒരു ചെമ്മീന്‍ തോരന്‍ ഉണ്ടാക്കിനോക്കാം.
ആവശ്യമായ ചേരുവകൾ
- ചെമ്മീന്‍-അരക്കിലോ
- സവാള -അരക്കപ്പ് (പൊടിയായി അരിഞ്ഞത്)
- തേങ്ങ-അരമുറി
- വെളുത്തുള്ളി, ഇഞ്ചി പേസ്റ്റ്-ഒരു ടേബിള്‍ സ്പൂണ്‍
- മഞ്ഞള്‍പ്പൊടി-അര ടീസ്പൂണ്‍
- മുളകുപൊടി-1 ടീസ്പൂണ്‍
- കുരുമുളകുപൊടി-അര ടീസ്പൂണ്‍
- പുളി-ചെറുനാരങ്ങ വലിപ്പത്തില്‍
- കടുക്-അര സ്പൂണ്‍
- അരി-ചെറിയ സ്പൂണ്‍
- പച്ചമുളക്-3
- ചെറുനാരങ്ങാനീര്-1 ടീസ്പൂണ്‍
- ഉപ്പ്
- എണ്ണ
- കറിവേപ്പില
തയ്യറാക്കുന്ന വിധം
പച്ചമുളക് പൊടിയായി അരിയുക. തേങ്ങ നല്ലപോലെ ചതയ്ക്കണം. അരയ്ക്കരുത്. ചെമ്മീന്‍ തോട് കളഞ്ഞ് കഴുകി വൃത്തിയാക്കി മഞ്ഞള്‍പ്പൊടി, ഉപ്പ്, ചെറുനാരങ്ങാനീര് എന്നിവ പുരട്ടി അര മണിക്കൂര്‍ വയ്ക്കണം. പുളി പിഴിഞ്ഞ് വെള്ളമെടുക്കുക. ചെമ്മീന്‍ ഈ വെള്ളത്തിലിട്ട് വേവിയ്ക്കുക. ചെമ്മീന്‍ വെന്തു കഴിഞ്ഞാല്‍ വെന്ത ചെമ്മീന്‍ കോരി പുളിവെള്ളത്തില്‍ നിന്ന് മാറ്റി വയ്ക്കണം.
ഒരു ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ചൂടാക്കുക. ഇത് ചൂടാകുമ്പോള്‍ കടുകിട്ട് പൊട്ടിക്കണം. അരിയും ഇട്ട് മൂപ്പിക്കണം. അരിഞ്ഞു വച്ചിരിക്കുന്ന സവാള, പച്ചമുളക്, കറിവേപ്പില എന്നിവ ഇതിലിട്ട് മൂപ്പിക്കുക. ഇതിലേക്ക് ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ്, തേങ്ങ ചതച്ചത്, മുളകുപൊടി എന്നിവ ചേര്‍ത്തിളക്കണം. ഇത് നല്ലപോലെ വഴറ്റിയ ശേഷം വേവിച്ചു വച്ചിരി്കുന്ന ചെമ്മീന്‍ ഇതിലിട്ട് നല്ലപോലെ ഇളക്കിക്കൊടുക്കുക.
ഇടയ്ക്കിടെ ചെമ്മീന്‍ വേവിച്ചു വച്ചിരികുന്ന പുളിവെള്ളം ചെറിയ സ്പൂണില്‍ ഒഴിച്ചു കൊടുക്കണം. ഇത് നല്ലപോലെ വറ്റിക്കഴിയുമ്പോള്‍ കുരുമുളകുപൊടി തൂവണം. അല്‍പം കറിവേപ്പിലയും പച്ചവെളിച്ചെണ്ണയും മുകളില്‍ തൂകാം. ഇതെല്ലാം കൂട്ടിയിളക്കി വാങ്ങി ചൂടോടെ ഉപയോഗിക്കാം.