കരൾ രോഗത്തിന്റെ ലക്ഷണങ്ങൾ ശരീരം കാണിക്കുന്നുണ്ടോ? ശ്രദ്ധിക്കാതിരിക്കരുത് ഈ മാറ്റങ്ങളെ

ലിവർ സിറോസിസ്, ഫാറ്റി ലിവര്‍, ലിവര്‍ ക്യാന്‍സര്‍ അടക്കമുള്ള കരള്‍ രോഗങ്ങള്‍ ലോകമെമ്പാടുമുള്ള മരണത്തിന്റെ അഞ്ചാമത്തെ പ്രധാന കാരണമാണ്. അമിത മദ്യപാനവും പുകവലിയും പലപ്പോഴും കരള്‍ രോഗത്തിന് കാരണമാകും. എന്നാൽ ഇതൊന്നും ചെയ്യാത്തവർക്കും കരൾ രോഗങ്ങൾ വൺ സാധ്യതയുണ്ട്. കരൾ രോഗമാണ് വരുമ്പോൾ ശരീരം പലവിധ ലക്ഷണങ്ങളും കാണിച്ചു തുടങ്ങും പലപ്പോഴും ആരും അവയെ കാര്യമായിട്ട് എടുക്കാറില്ല

കരൾ രോഗത്തിന്റെ ലക്ഷണങ്ങൾ എന്തെല്ലാം?

  • കണ്ണിലെ മഞ്ഞനിറമാണ് കരള്‍ അപകടത്തിലാണെന്നതിന്‍റെ ഒരു പ്രധാന ലക്ഷണം. കരളിന്‍റെ അനാരോഗ്യം കാരണം സംഭവിക്കുന്ന മഞ്ഞപ്പിത്തം എന്ന രോഗത്തിന്‍റെ ഒരു സൂചനയാണിത്.
  • മൂത്രത്തിലെ മഞ്ഞനിറം, ചുവപ്പ് നിറം, മറ്റ് കടുംനിറം എന്നിവയെ കരള്‍ രോഗങ്ങളുടെ സൂചനയാകാം.
  • കരളിന് അസുഖം ബാധിക്കുമ്പോള്‍ ശരീരത്ത് ഉടനീളം ചൊറിച്ചില്‍ അനുഭവപ്പെടാം. അതും നിസാരമായി കാണേണ്ട.
  • ശരീരത്തില്‍ എവിടെയെങ്കിലും ചെറിയ മുറിവ് ഉണ്ടാകുമ്പോള്‍ നിലയ്‌ക്കാതെ രക്തം വരുന്നത്, കരള്‍രോഗം കാരണമായിരിക്കും. രക്തം കട്ടപിടിക്കാന്‍ സഹായിക്കുന്ന ചില പ്രോട്ടീനുകള്‍ കരള്‍ ഉല്‍പാദിപ്പിക്കുന്നുണ്ട്. ഈ പ്രക്രിയ തടസപ്പെടുന്നത് കരള്‍രോഗ ലക്ഷണമായി കണക്കാക്കാം.
  • ശരീരത്തില്‍ പെട്ടെന്നുണ്ടാകുന്ന തടിപ്പും, നീര്‍ക്കെട്ടും കരള്‍രോഗത്തിന്റെ ലക്ഷണമാകാം. വയര്‍, കാല്‍ എന്നിവിടങ്ങളില്‍ വെള്ളംകെട്ടി നില്‍ക്കുന്നതുകൊണ്ടാണ് നീര്‍ക്കെട്ട് ഉണ്ടാകുന്നത്.
  • വയറുവേദന, ഛര്‍ദ്ദി, വിശപ്പില്ലായ്മ, പെട്ടെന്ന് ശരീരഭാരം കുറയുക, ക്ഷീണം തുടങ്ങിയവയും കരള്‍ രോഗത്തിന്‍റെ സൂചനകളാണ്

രക്തത്തെ നിരന്തരം ശുദ്ധീകരിച്ച് ശരീരത്തില്‍ നിന്ന് പല വിഷാംശങ്ങളും മറ്റ് കെമിക്കല്‍ മാലിന്യങ്ങളും നീക്കം ചെയ്യുന്ന വളരെ പ്രധാനപ്പെട്ട അവയവമാണ് കരള്‍. മറ്റ് അവയവങ്ങള്‍ പരിമിതമായ ജോലികള്‍ ചെയ്യുമ്പോൾ ശരീരത്തിലെ 500ലധികം പ്രവര്‍ത്തനങ്ങളില്‍ കരള്‍ ഭാഗഭാക്കാകുന്നു.

നാം കഴിക്കുന്നതെല്ലാം- അത് ഭക്ഷണമാകട്ടെ, മദ്യമാകട്ടെ മരുന്നാകട്ടെ അവയെ സംസ്കരിക്കുന്നത് കരളാണ്. നാം കഴിക്കുന്ന ഭക്ഷണപാനീയങ്ങളിലെ വിഷാംശങ്ങളാണ് കരളിനെ നശിപ്പിക്കുന്നതും. രക്തത്തിലെ അണുബാധയും കരളിലെത്തി അതിന് നാശം വരുത്തുന്നു. ശരീരത്തിലെ മറ്റ് അണുബാധകളും നീര്‍ക്കെട്ടുകളും അര്‍ബുദം അടക്കമുള്ള രോഗങ്ങളും കരളിനെയും കൂടി ലക്ഷ്യമിടുന്നു.

കരളില്‍ കൊഴുപ്പ് അടിഞ്ഞുണ്ടാകുന്ന ഫാറ്റി ലിവര്‍ രോഗം ക്രമേണ പുരോഗമിച്ച് കരള്‍ വീക്കത്തിലേക്കും കരള്‍ സ്തംഭനത്തിലേക്കുമെല്ലാം നയിക്കാമെന്ന് മുംബൈ മസിന ആശുപത്രിയിലെ കണ്‍സല്‍റ്റിങ് ചെസ്റ്റ് ഫിസിഷ്യന്‍ ഡോ. സുലൈമാന്‍ ലധാനി എച്ച്ടി ലൈഫ്സ്റ്റൈലിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

മദ്യപാനം മൂലമുള്ള ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ രോഗവും മദ്യപാനം മൂലമല്ലാത്ത നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ രോഗവും ഉണ്ട്. അമിത വണ്ണമുള്ളവര്‍, പ്രമേഹ രോഗികള്‍ തുടങ്ങിയവരെല്ലാം ഫാറ്റി ലിവര്‍ രോഗം വരാന്‍ സാധ്യത കൂടിയവരാണെന്നും ഡോ. സുലൈമാന്‍ ചൂണ്ടിക്കാട്ടി. ലക്ഷണങ്ങള്‍ പ്രകടിപ്പിക്കാത്ത നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ അള്‍ട്രാ സോണോഗ്രാഫിയിലൂടെയോ ഫൈബ്രോ സ്കാനിലൂടെയോ തിരിച്ചറിയാം.