സ്വാദിഷ്ടമായ റവ ഇഡ്ഡിലി എളുപ്പത്തില്‍ വീട്ടിലുണ്ടാക്കാം

തിരക്കുള്ള സമയത്ത് പ്രാതലിന് എന്തുണ്ടാക്കും എന്ന് സംശയിച്ച് നില്‍ക്കുമ്പോള്‍ വെറും 10-12 മിനിട്ടുകള്‍ക്കകം ഉണ്ടാക്കാന്‍ സാധിക്കുന്ന ഏറ്റവും നല്ല വിഭവമാണ് റവ ഇഡ്ഡിലി. ആരോഗ്യപ്രദമായ പ്രാതലോ വൈകുന്നേരം ചായക്കുള്ള പലഹാരമോ എന്തുമാകട്ടെ, ഇഡലി അതിനുള്ള നല്ലൊരു വിഭവമാണ്. ഇഡലി ഉണ്ടാക്കാൻ സമയമെടുക്കും എന്നുള്ള കാരണംകൊണ്ട് പലരും ഇഡലി തയ്യറാക്കാറില്ല. എന്നാൽ ഈ റവ ഇഡ്ഡിലി തയ്യറാക്കാൻ വലിയ സമയമൊന്നും വേണ്ട. തയ്യറാക്കി നോക്കിയാലോ?

ആവശ്യമായ ചേരുവകൾ

  • റവ – 1 കപ്പ്‌
  • തൈര് – ¼ കപ്പ്‌
  • മല്ലിയില – 1 ടേബിള്‍സ്പൂണ്‍ (അരിഞ്ഞത്)
  • സോഡാ പൊടി – ¾ ടീസ്പൂണ്‍
  • ഉപ്പ് – ആവശ്യത്തിന്
  • എണ്ണ – 1 ടീസ്പൂണ്‍
  • നെയ്യ് – ½ ടീസ്പൂണ്‍
  • ഉഴുന്ന് പരിപ്പ് – 1 ടീസ്പൂണ്‍
  • കടുക് – ½ ടീസ്പൂണ്‍
  • കശുവണ്ടി – 1 ടേബിള്‍സ്പൂണ്‍ (കഷണങ്ങളാക്കിയത്)
  • ജീരകം – ½ ടീസ്പൂണ്‍
  • കറിവേപ്പില – 4
  • പച്ചമുളക് – 2 ടീസ്പൂണ്‍ (ചെറുതായി അരിഞ്ഞത്)
  • കായപ്പൊടി – ഒരു നുള്ള്

തയ്യറാക്കുന്ന വിധം

ഒരു വലിയ പാത്രത്തില്‍ റവ, തൈര്, ഉപ്പ് എന്നിവ ചേര്‍ക്കുക. ആവശ്യത്തിനു വെള്ളം ഒഴിച്ചുകൊടുത്ത് കൊണ്ട് ഇവ തമ്മില്‍ നന്നായി യോജിപ്പിക്കുക. കട്ട പിടിക്കാത്ത പരുവമാകുന്നത് വരെ മാവ് നന്നായി വെള്ളം ചേര്‍ത്ത് യോജിപ്പിക്കുക. ഇനി, ഒരു ചീനച്ചട്ടിയില്‍ എണ്ണയൊഴിച്ച് ചൂടാക്കുക. അതിലേക്ക് നെയ്യ്, കടുക്, ഉഴുന്ന് പരിപ്പ്, കറിവേപ്പില,മല്ലിയില, കശുവണ്ടി, ജീരകം, കായപ്പൊടി, എന്നിവ ചേര്‍ത്ത് നന്നായി വഴറ്റുക.

വഴറ്റിയത് നന്നായി വറുത്ത് വന്നതിനുശേഷം അവ മാവിലേക്ക് ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. അതിലേക്ക് സോഡാപ്പൊടി ചേര്‍ത്ത് കുറച്ച് വെള്ളം കൂടി തളിച്ചതിനുശേഷം അടച്ചുവയ്ക്കുക. കുറച്ച് കഴിയുമ്പോള്‍ ഈ മാവ് പൊന്തി വരും. അതിനുശേഷം വീണ്ടും നന്നായി യോജിപ്പിക്കുക.

ഇഡ്ഡിലിത്തട്ടില്‍ എണ്ണ പുരട്ടിയതിനുശേശം മാവ് ഇഡ്ഡിലിത്തട്ടിലെ ഓരോ കുഴിയിലും ഒഴിക്കുക. അതിനുശേഷം ആവി കയറ്റാന്‍ അടുപ്പില്‍ വയ്ക്കുക. ഇഡ്ഡിലി ആവിയില്‍ വേവാന്‍ 7-8 മിനിറ്റ് എടുക്കും. വെന്തതിനുശേഷം ഒരു സ്പൂണ്‍ ഉപയോഗിച്ച് ഇഡ്ഡിലികള്‍ തട്ടില്‍ നിന്ന് അടര്‍ത്തിയെടുത്ത്‌ ഒരു പ്ലേറ്റിലേക്ക് മാറ്റുക.