കോളിഫളവര്‍ പലര്‍ക്കും ഇഷ്ടമുള്ള ഒരു പച്ചക്കറിയാണ്. ഇതുപയോഗിച്ച് പല വിഭവങ്ങളും തയ്യാറാക്കാം. വെജിറ്റേറിയൻ വിഭവങ്ങൾ കഴിക്കുന്നവർക്ക് വളരെ എളുപ്പത്തിൽ തയ്യറാക്കാവുന്ന ഒരു റെസിപ്പിയാണ് ഗോബി മട്ടര്‍. കോളിഫളവർ, ഗ്രീന്‍പീസ് അഥവാ മട്ടര്‍ എന്നിവ ഉപയോഗിച്ചാണ് സ്വാദിഷ്ടമായ ഗോബി മട്ടര്‍ തയ്യാറാക്കുന്നത്.
ആവശ്യമായ ചേരുവകൾ
- കോളിഫഌവര്‍ കഷ്ണങ്ങള്‍-250 ഗ്രാം
- ഗ്രീന്‍പീസ്-100 ഗ്രാം
- പച്ചമുളക്-3
- മഞ്ഞള്‍പ്പൊടി-1 ടീസ്പൂണ്‍
- മുളകുപൊടി-1 ടീസ്പൂണ്‍
- മല്ലിപ്പൊടി-അര ടീസ്പൂണ്‍
- ഗരം മസാല-1 ടീസ്പൂണ്‍
- ജീരകം-1 ടീസ്പൂണ്‍
- വയനയില
- ഉപ്പ്
- എണ്ണ
തയ്യറാക്കുന്ന വിധം
കോളിഫളവര്‍ ചൂടുവെള്ളത്തില്‍ അല്‍പനേരം ഇട്ടു വച്ച് കഴുകിയെടുക്കുക. ഒരു പാനില്‍ എണ്ണ തിളപ്പിച്ച് ജീരകം പൊട്ടിയ്ക്കുക. വയനയില ഇട്ടു മൂപ്പിയ്ക്കുക. ഇതിലേക്ക് കോളിഫഌവര്‍ കഷ്ണങ്ങള്‍ ചേര്‍ത്തിളക്കുക. ഇതില്‍ മഞ്ഞള്‍പ്പൊടി, ഉപ്പ് എന്നിവ ചേര്‍ത്ത് നല്ലപോലെ ഇളക്കുക. ഇത് ഇളം ബ്രൗണ്‍ നിറമാകുന്നതു വരെ ഇളക്കണം. ഇതിലേയ്ക്ക് ഗ്രീന്‍പീസ്, പച്ചമുളക് എന്നിവ ചേര്‍ത്തിളക്കണം. ഇത് വേവുന്നതു വരെ ഇളക്കുക. ഈ കൂട്ടിലേയ്ക്ക് മസാലപ്പൊടികള്‍ ചേര്‍ത്തിളക്കണം. മസാല പിടിച്ചു പാകമാകുമ്പോള്‍ വാങ്ങി വച്ച് ചൂടോടെ ഉപയോഗിക്കാം.