ന്യൂയോര്‍ക്ക്: അമേരിക്കയിലെ ബാള്‍ട്ടിമോറിലെ ഫ്രാന്‍സിസ് സ്കോട്ട് കീ പാലം തകർന്നുണ്ടായ അപകടത്തിൽ ഉത്തരവാദികൾ കപ്പൽ ഉടമകളും നടത്തിപ്പുകാരുമെന്ന് ബോള്‍ട്ടിമോര്‍ സിറ്റി അധികൃതർ. കാര്യക്ഷമതയില്ലാത്ത ജീവനക്കാരാണ് കപ്പലിലുണ്ടായിരുന്നതെന്നും ഉത്തരവാദിത്വം കപ്പൽ ഉടമസ്ഥരായ കമ്പനിക്കും നടത്തിപ്പ് കമ്പനിക്കുമെന്ന് കോടതി റിപ്പോർട്ട്.
ശരിയായ പ്രവര്‍ത്തന മികവോ പരിശീലനമോ ഇല്ലാത്ത ജീവനക്കാരാണ് കപ്പലില്‍ ഉണ്ടായിരുന്നതെന്നും അവര്‍ നാവിക നടപടിക്രമങ്ങള്‍ പാലിക്കുന്നതില്‍ പരാജയപ്പെട്ടെന്നും ബോള്‍ട്ടിമോര്‍ സിറ്റി കൗണ്‍സില്‍ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോട്ടില്‍ പറയുന്നു. അനവധിപേരുടെ ഉപജീനമാര്‍ഗ്ഗവും നഗരത്തിന്റെ വരുമാനവും ബാള്‍ട്ടിമോര്‍ സിറ്റിയുടെ പൈതൃകവുമാണ് അപകടം മൂലം ഇല്ലാതായതെന്ന് റിപ്പോട്ടില്‍ ആരോപിക്കുന്നു.
കപ്പല്‍ തുറമുഖത്തുനിന്ന് യാത്രതിരിക്കുമ്പോള്‍ വൈദ്യുത വിതരണത്തില്‍ തകരാറുണ്ടായിന്നു. ഇത് വകവെക്കാതെയാണ് യാത്ര തുടര്‍ന്നത്. ശ്രീലങ്കയിലേക്കു ചരക്കുമായി യാത്രതിരിച്ച ദാലി, തുറമുഖത്തുനിന്ന് പുറപ്പെട്ട് അരമണിക്കൂറിനകം ഫ്രാന്‍സിസ് സ്കോട്ട് കീ പാലത്തിൽ ഇടിക്കുകയായിരുന്നു.
അപകടം നടക്കുമ്പോള്‍ പാലത്തില്‍ അറ്റകുറ്റപ്പണിയിൽ ഏർപ്പെട്ടിരുന്ന ആറു പേര്‍ക്ക് ജീവന് നഷ്ടമായിരുന്നു. മാര്‍ച്ച് 26-ന് ബാള്‍ട്ടിമോറിലെ ഫ്രാന്‍സിസ് സ്കോട്ട് കീ പാലത്തിൽ കപ്പലിടിച്ച് അപകടമുണ്ടായതിന് തൊട്ടുപിന്നാലെ 1851-ലെ നാവിക നിയമത്തിനു കീഴില്‍ ഉള്‍പ്പെടുത്തി തങ്ങള്‍ നല്‍കേണ്ട നഷ്ടപരിഹാരത്തുകയില്‍ ഇളവ് നല്‍കണമെന്നാവശ്യപ്പെട്ട് രണ്ടു കമ്പനികളും കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. മേരിലാന്റിലെ ഫെഡറല്‍ കോടതിയായിരിക്കും അപകടം സംബന്ധിച്ച കേസിൽ വിധിപറയുക.