ആരോഗ്യത്തിനും അസുഖങ്ങള്‍ക്കും ഡയറ്റെടുക്കുന്നവര്‍ക്കുമെല്ലാം സൂപ്പുകള്‍ നല്ലതാണ്. പലതരം സൂപ്പുകളുണ്ട്. ഇതിൽ തന്നെ പലര്‍ക്കും ഇഷ്ടമുള്ള ഒന്നാണ് തക്കാളി സൂപ്പ്. ഇത് തയ്യറാക്കാനും വളരെ എളുപ്പമാണ്.
ആവശ്യമായ ചേരുവകൾ
- തക്കാളി നുറുക്കിയത്-5 കപ്പ്
- ചെറുപയര്‍ പരിപ്പ്-കാല്‍ കപ്പ്
- സവാള-അര കപ്പ്
- പാല്‍-ഒരു കപ്പ്
- ബട്ടര്‍-1 ടീസ്പൂണ്‍
- ഉപ്പ്
- മല്ലിയില
- കുരുമുളകുപൊടി
തയ്യറാക്കുന്ന വിധം
തക്കാളി, ചെറുപയര്‍ പരിപ്പ് എന്നിവ അല്‍പം വെള്ളം ചേര്‍ത്ത് പ്രഷര്‍ കുക്കറില്‍ വച്ചു വേവിയ്ക്കുക. ഇത് നല്ലപോലെ വെന്തുടയണം. വെന്തു വാങ്ങിയ അത് തവി കൊണ്ട് നല്ലപോലെ ഉടച്ച് കട്ടയില്ലാതാക്കുക. ഒരു പാനില്‍ ബട്ടര്‍ ചൂടാക്കുക. ഇതിലേയ്ക്ക് സവാളയിട്ടു വഴറ്റണം. ഇത് നല്ലപോലെ വഴന്ന് ഇളം ബ്രൗണ്‍ നിറമാകുമ്പോള്‍ വേവിച്ചു വച്ചിരിയ്ക്കുന്ന കൂട്ട് ഇതിലേയ്‌ക്കൊഴിച്ച് നല്ലപോലെ ഇളക്കുക. വേണമെങ്കില്‍ അല്‍പം വെള്ളം ചേര്‍ക്കാം.
പിന്നീട് ഇതിലേയ്ക്ക് പാല്‍ ഒഴിച്ച് ഇളക്കുക. ഇത് അല്‍പസമയം ഇളക്കി സൂപ്പിന്റെ പാകത്തിനാകുമ്പോള്‍ ഉപ്പും കുരുമുളകുപൊടിയും മല്ലിയില ചേര്‍ത്തിളക്കാം. ചൂടോടെ കഴിയ്ക്കാം.