കുമ്പിളപ്പം ഇനി ഇഡ്ഡലിപാത്രത്തിലും തയ്യറാക്കാം. സാധാരണ കുമ്പിൾ കുത്തിയാണ് കുമ്പിളപ്പം ഉണ്ടാക്കുക. എന്നാല്‍ ഇന്നത്തെ കാലത്ത് എല്ലാവരും എളുപ്പത്തിൽ പണികഴിക്കാനുള്ള വഴികളാണ് നോക്കാറ്. അതുകൊണ്ട് തന്നെ കുമ്പിള് കുത്താനൊന്നും പലര്‍ക്കും സമയമുണ്ടാവില്ല. എന്നാല്‍ ഇനി കുമ്പിള് കുത്താതെ വീട്ടിലെ ഇഡ്ഡലിഇഡ്ഡലിപാത്രത്തില് സ്വാദ് ഒട്ടും ചോര്‍ന്ന് പോവാത്ത ഒരു കിടിലന്‍ ചക്കയപ്പം തയ്യാറാക്കാം.
ആവശ്യമായ ചേരുവകൾ
- ചക്ക വരട്ടിയത് – 100-150 ഗ്രാം
- അരിപ്പൊടി- ഒരു കപ്പ്
- ശര്‍ക്കര – 4 അച്ച് (നല്ല കറുത്ത ശര്‍ക്കര)
- ഏലക്ക- 2-3 എണ്ണം
- തേങ്ങാക്കൊത്ത് – കാല്‍ക്കപ്പ്
- ഉപ്പ് – ഒരു നുള്ള്
തയ്യാറാക്കുന്ന വിധം
ആദ്യം തന്നെ വേവിച്ച് വരട്ടി വെച്ചിരിക്കുന്ന ചക്കയില്‍ അല്പം വെള്ളമൊഴിച്ച് കുതിര്‍ത്തുക. അതിന് ശേഷം ഒരു 15 മിനിറ്റ് കഴിഞ്ഞ് ഇതിലേക്ക് അരിപ്പൊടി നല്ലതുപോലെ ഇളക്കി ഇളക്കി ചേര്‍ക്കേണ്ടതാണ്. ഇതേ സമയം ശര്‍ക്കര കാല്‍കപ്പ് വെള്ളത്തില്‍ നല്ലതുപോലെ ഉരുക്കിയെടുക്കുക. ഇത് ചൂടോടെ തന്നെ അരിപ്പൊടിയിലേക്ക് ചേര്‍ക്കാന്‍ ശ്രദ്ധിക്കണം. ശേഷം തേങ്ങാക്കൊത്തും ഏലക്ക പൊടിച്ചതും ഒരു നുള്ള് ഉപ്പും (മധുരം ബാലന്‍സ് ചെയ്യാനാണ് ഉപ്പ് ചേര്‍ക്കുന്നത്, ആവശ്യമില്ലെങ്കില്‍ ഒഴിവാക്കാവുന്നതാണ്) ചേര്‍ത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിച്ച് വെക്കണം.
എല്ലാം കഴിഞ്ഞ് ഒരു പത്ത് മിനിറ്റിന് ശേഷം ഇഡ്ഡലി മാവിന്റെ പരുവത്തില്‍ ആയിരിക്കണം മാവ് ഉണ്ടാവേണ്ടത്. ഇത് ഇഡ്ഡലി പാത്രം അടുപ്പത്ത് വെച്ച് അതിലേക്ക് അല്‍പ്പാല്‍പ്പമായി കോരിയൊഴിക്കണം. തീ കുറച്ചിട്ട് അതില്‍ വേവിച്ചെടുക്കണം. 20-25 മിനിറ്റിനുള്ളില്‍ തന്നെ ഇത് നല്ലതുപോലെ വെന്ത് കിട്ടും. അതിന് ശേഷം തീ ഓഫ് ചെയ്ത് കഴിക്കാവുന്നതാണ്. ഇത് തന്നെ വാഴയിലയിലും വയനയിലയിലും ചെയ്യാവുന്നതാണ്. അപ്പോള്‍ കുറച്ച് കൂടി രുചിയായിരിക്കും എന്നുള്ളതാണ് സത്യം.