പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആരെങ്കിലും അധിക്ഷേപ വാക്കുകൾ ഉപയോഗിച്ചാൽ ആ വ്യക്തി വീട്ടിൽ മടങ്ങിയെത്തില്ലെന്ന മുന്നറിയിപ്പുമായി കേന്ദ്രമന്ത്രിയും രത്നാഗിരി–സിന്ധുദുർഗിൽ നിന്നുള്ള ബിജെപി സ്ഥാനാർഥിയുമായ നാരായൺ റാണെ. മഹാവികാസ് അഘാഡി സിന്ധുദുർഗിൽ റാലി പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ഭീഷണി. ‘റാലികളും സമ്മേളനങ്ങളും ജനാധിപത്യത്തിന്റെ ഭാഗമാണ്. അതിനെ അംഗീകരിക്കുന്നു. എന്നാൽ, നരേന്ദ്ര മോദിക്കെതിരെ ആരെങ്കിലും മോശം ഭാഷ ഉപയോഗിച്ചാൽ അവരെ തിരിച്ചുവിടില്ല’. തിരഞ്ഞെടുപ്പ് യോഗത്തിൽ സംസാരിക്കുമ്പോഴാണ് നാരായൺ റാണെ പ്രസ്താവന നടത്തിയത്. ശിവസേനാ നേതാവ് ഉദ്ധവ് താക്കറെക്കെതിരെയും അദ്ദേഹം കടുത്ത വിമർശനങ്ങൾ ഉയർത്തി.
2005ൽ ഉദ്ധവ് താക്കറെയുമായി തെറ്റിപ്പിരിഞ്ഞ് ശിവസേന വിട്ട ബിജെപി നേതാവ്, മഹാരാഷ്ട്ര മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉദ്ധവ് താക്കറെ ആയിരുന്നില്ല പിതാവ് ബാൽ താക്കറെ തെരഞ്ഞെടുക്കാൻ ആഗ്രഹിച്ചിരുന്നത് എന്നും ചൂണ്ടിക്കാട്ടി. കൂടാതെ, കോവിഡ് കാലത്ത് മുഖ്യമന്ത്രിയായിരുന്ന ഉദ്ധവ്, വാക്സീൻ കമ്പനികളിൽ നിന്ന് 15% കമ്മിഷൻ പറ്റാൻ ശ്രമിച്ച വ്യക്തിയാണെന്നും നാരായൺ റാണെ ആരോപിച്ചു.