ആലപ്പുഴ: പ്രധാനമന്ത്രി നരേന്ദ്ര മോദിയായിരിക്കുന്ന കാലത്തോളം പിഎഫ്ഐ കേരളത്തിൽ കാലുകുത്തില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചത് നരേന്ദ്ര മോദിയാണ്. കേരളത്തിൽ എൽഡിഎഫും യുഡിഎഫും ഭീകരസംഘടനകളുടെ പിന്തുണ തേടുന്നവരാണ് എന്നും ആലപ്പുഴയിൽ എൻഡിഎ സ്ഥാനാർഥി ശോഭാ സുരേന്ദ്രന്റെ തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ നടന്ന പൊതുസമ്മേളനത്തിൽ പറഞ്ഞു.
‘‘ഇന്ത്യയെ ഇസ്‌ലാമിക സ്റ്റേറ്റ് ആക്കാൻ ശ്രമിക്കുന്ന വെൽഫെയർ പാർട്ടിയുടെ പിന്തുണ കോൺഗ്രസിനാണ്. ഇത്തരക്കാർക്ക് വോട്ട് നൽകണമോയെന്ന് ആലപ്പുഴക്കാർ ചിന്തിക്കണം. കരിമണൽ ഖനന അഴിമതിയെ സിപിഎമ്മും കോൺഗ്രസും പിന്തുണയ്ക്കുകയാണ്. മുഖ്യമന്ത്രിയുടെ ഓഫിസിനെതിരെ ആരോപണം ഉയർന്നപ്പോൾ ഒരക്ഷരം കോൺഗ്രസ് മിണ്ടിയില്ല.
എൻഡിഎ സർക്കാർ അധികാരത്തിലെത്തിയാൽ കയറിനുവേണ്ടി പ്രത്യേക കേന്ദ്ര പാക്കേജ് നടപ്പിലാക്കും’’– അമിത് ഷാ പറഞ്ഞു. പിഡിപി എല്‍ഡിഎഫിനെ പിന്തുണയ്ക്കുമ്പോള്‍ എസ്ഡിപിഐ, യുഡിഎഫിനെ പിന്തുണയ്ക്കുകയാണ്. ലോകത്ത് കമ്യൂണിസ്റ്റുകളും രാജ്യത്ത് കോണ്‍ഗ്രസും അസ്തമിച്ചു. ഇന്ത്യ മുന്നണി കാപട്യത്തിന്റെ മുന്നണിയാണെന്നും അമിത് ഷാ പറഞ്ഞു.
പാവപ്പെട്ടവന്റെ ആശ്രയമായ സഹകരണ മേഖലയെ അമിത് ഷാ കമ്യൂണിസ്റ്റുകാർ കൊള്ളയടിച്ചെന്നും ആരോപിച്ചു. കരുവന്നൂരിൽ അന്വേഷണം നടത്തുകയാണ്. നിക്ഷേപകർക്ക് നഷ്ടപ്പെട്ട തുക തിരിച്ചു കിട്ടും. സഹകരണ മേഖലയിലെ കുഴപ്പക്കാരെ കണ്ടെത്തി ശിക്ഷിക്കും. നക്സൽ വാദത്തിൽ നിന്നും ഭീകരവാദത്തിൽ നിന്നും രാജ്യത്തെ മോചിപ്പിച്ചത് മോദിയാണ്. കർഷക വിരുദ്ധരാണ് കോൺഗ്രസും സിപിഎമ്മുമെന്നും അമിത് ഷാ പറഞ്ഞു.