സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ കാറിടിപ്പിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി മുഹമ്മദ് നിഷാമിന് ഇന്‍കംടാക്‌സിന്റെ വക കരുക്ക്. നിഷാമിന്റെ ഭാര്യാ വീട്ടില്‍ നിയമവിരുദ്ധമായി സൂക്ഷിച്ചിരുന്ന രണ്ടരക്കോടിയോളം
രൂപ ഇന്‍കംടാക്‌സ് റെയ്ഡില്‍ പിടിച്ചെടുത്തു. നിഷാമിന്റെ ശോഭാ സിറ്റിയിലെ ഫ്‌ളാറ്റില് നിന്നും നാലു ലക്ഷം രൂപയും പിടിച്ചെടുത്തു. ബനാമി ഇടപാടുകളിലൂടെ അനധികൃതമായി പണം സൂക്ഷിക്കുന്നുവെന്ന രഹസ്യ വിവരത്തെ തുടര്‍ന്നാണ് തൃശൂര്‍ ഇന്‍കംടാക്‌സ് പരിശോധനയ്‌ക്കെത്തിയത്.
ഇന്നലെ ഉച്ചയോടെ ആരംഭിച്ച റെയ്ഡ് ഇപ്പോഴും തുടരുകയാണ്. നിഷാമിന്റെ ഭാര്യ അമല്‍ നിഷാമിന്റെ കാളത്തോടുള്ള വീട്ടില്‍ നിന്നുമാണ് പണം കണ്ടെടുത്തത്. ഈ പണത്തിന് മതിയായ രേഖകള്‍ ഇല്ലെന്നും ഇന്‍കംടാക്‌സ് കണ്ടെത്തിയിട്ടുണ്ട്. കാളത്തോടുള്ള സ്‌കൈലൈന്‍ ആക്‌സിസ് ഫ്‌ളാറ്റിനു സമീപത്താണ് അമല്‍ നിഷാമിന്റെ വീട്.
ഇന്നലെ ഇന്‍കംടാക്‌സ് ഉദ്യോഗസ്ഥര്‍ റെയ്ഡിനെത്തുമ്പോള്‍ അമല്‍ നിഷാം വീട്ടിലുണ്ടായിരുന്നില്ല. അമലിന്റെ അച്ഛന്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. നിഷാമിന്റെ ശോഭാസിറ്റിയിലെ ഫ്‌ളാറ്റിലും ഭാര്യാ വീട്ടിലും ഒരേ സമയമാണ് റെയ്ഡ് നടന്നത്. അമലിന്റെ അച്ഛനോട് റെയ്ഡ് നടത്താന്‍ സഹകരിക്കണമെന്ന് ഐ.ടി. ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടപ്പോള്‍ ആദ്യമൊക്കെ എതിര്‍ത്തെങ്കിലും പിന്നീട് വഴങ്ങേണ്ടി വന്നു.
തുടര്‍ന്നാണ് അമലിന്റെ വീട്ടില്‍ നിന്നും രേഖകളില്ലാതെ സൂക്ഷിച്ചിരുന്ന പണം പിടിച്ചെടുത്തത്. രാത്രി വൈകിയും റെയ്ഡ് നടന്നിരുന്നു. നിരവധി വസ്തുവകകള്‍ വാങ്ങിയതിന്റെയും വില്‍പ്പന നടത്തിയതിന്റെയും രേഖകളും ഐ.ടി. ഉദ്യോഗസ്ഥര്‍ പരിശോധിക്കാനായി എടുത്തിട്ടുണ്ട്.
നിഷാമിന്റെ ബിനാമി ഇടപാടിനെ കുറിച്ചുള്ള രേഖകളെല്ലാം പിടിച്ചെടുത്തിട്ടുണ്ടെന്നാണ് സൂചന. ഭൂമി ഇടപാടുകള്‍ വഴി കള്ളപ്പണം വെളുപ്പിച്ചതിന്റെ വിവരങ്ങളും കണ്ടെത്തിയിട്ടുണ്ടെന്നാണ് അറിയുന്നത്. നിഷാം ജയിലില്‍ കിടന്നുകൊണ്ട്
ബിനാമികളെ വെച്ച് ഇപ്പോഴും പുറത്ത് ബിസിനസ് നടത്തുന്നുണ്ട്. ഇതിനായി സൂക്ഷിച്ചിരുന്ന പണമാണോ ഭാര്യാ വീട്ടില്‍ നിന്നും പിടികൂടിയതെന്നും സംശയമുണ്ട്.
നാലു വണ്ടിയിലായാണ് ഐ.ടി. ഉദ്യോഗസ്ഥര്‍ റെയ്ഡിനെത്തിയത്. രണ്ടു വണ്ടി ശോഭാ സിറ്റിയിലെ ഫ്‌ളാറ്റിലും, രണ്ടു വണ്ടി കാളത്തോടുള്ള ഭാര്യാ വീട്ടിലും എത്തി. ഭാര്യാവീട്ടില്‍ കൂടുതല്‍ അനധികൃത പണം കണ്ടെത്തിയതോടെ ശോഭാ സിറ്റിയില്‍ പരിശോധന നടത്തിയ ഉദ്യോഗസ്ഥരും കാളത്തോടേക്ക് എത്തി.
സെക്യൂരിറ്റി ജീവനക്കാരനെ കാറിടിച്ചു കൊലപ്പെടുത്തിയതിനു ശേഷമാണ് നിഷാമിന് കഷ്ടകാലം ആരംഭിച്ചത്. 2015 ജനുവരി 29നാണ് ശോഭാ സിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരനായ ചന്ദ്രബോസിനെ കാറിടിച്ചു കൊലപ്പെടുത്തിയത്. പുലര്‍ച്ചെയായിരുന്നു കേസിന് ആസ്പദമായ സംഭവം. തൃശൂരിലെ ഫ്‌ളാറ്റ് സമുച്ചയത്തിലെ ഗേറ്റ് തുറക്കാന്‍ വൈകിയതിനായിരുന്നു വ്യവസായി മുഹമ്മദ് നിഷാം സെക്യൂരിറ്റി ജീവനക്കാരനെ ആക്രമിച്ചത്. ചന്ദ്രബോസിനെ കാറിടിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നു. വാഹനമിടിപ്പിച്ചതിന് പുറമെ ചന്ദ്രബോസിനെ മാരകമായി ആക്രമിക്കുകയും ജീപ്പിലിട്ട് ചവിട്ടുകയും ചെയ്തിരുന്നു.
സെക്യൂരിറ്റി റൂമിന് നേരെയും ആക്രമണം അഴിച്ചുവിട്ട നിഷാം ഫര്‍ണിച്ചറുകളും, ജനലുകളും അടിച്ചു തകര്‍ക്കുകയും ചെയ്തു. ആക്രമണം തടയാനത്തെിയ സെക്യൂരിറ്റി സൂപ്പര്‍വൈസര്‍ അയ്യന്തോള്‍ കല്ലിങ്ങല്‍ വീട്ടില്‍ അനൂപിനും മര്‍ദ്ദനമേറ്റു. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ചന്ദ്രബോസ് ഫെബ്രുവരി 16ന് മരിക്കുകയായിരുന്നു. പൊട്ടിയ വാരിയെല്ലുകള്‍ തറഞ്ഞുകയറി ആന്തരാവയങ്ങള്‍ക്ക് സംഭവിച്ച മുറിവുകളും ക്ഷതങ്ങളുമാണ് മരണകാരണമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.
2016 ജനുവരി 20ന് ചന്ദ്രബോസ് വധക്കേസില്‍ കൊലപാതകം ഉള്‍പ്പെടെ 9 കുറ്റങ്ങള്‍ തെളിഞ്ഞുവെന്നും നിസാം കുറ്റക്കാരനാണെന്ന് തൃശ്ശൂര്‍ അഡീഷണല്‍ കോടതി വിധി പ്രസ്താവിച്ചു. 2016 ജനുവരി 21ന് ചന്ദ്രബോസ് വധക്കേസില്‍ തൃശ്ശൂര്‍ അഡീഷണല്‍ കോടതി ശിക്ഷ വിധിച്ചു. ജീവപരന്ത്യവും 24 വര്‍ഷം തടവും 80,30,000 രൂപ പിഴയുമാണ് ശിക്ഷ. 50 ലക്ഷം രൂപ ചന്ദ്രബോസിന്റെ ഭാര്യ ജമന്തിക്ക് നല്‍കാനും കോടതി ഉത്തരവായി. ജയിലില്‍ നിന്നും പരോളിനിറങ്ങിയും നിഷാം ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ നടത്താറുണ്ടെന്ന് പോലീസ് റിപ്പോര്‍ട്ടുണ്ട്. എന്നാല്‍, പരോളും, ജയിലില്‍ സൗകര്യങ്ങളും നിഷാമിന് ലഭിക്കാറുണ്ടെന്ന് മുന്‍ ഡി.ജി.പി ആര്‍. ശ്രീലേഖ തന്നെ പറഞ്ഞിട്ടുണ്ട്.