ഹാക്ക് ചെയ്യപ്പെട്ട ഫെയ്സ്ബുക് പേജ് തിരികെ കിട്ടിയെന്ന വാർത്തയുമായി നടൻ വിഷ്ണു ഉണ്ണികൃഷ്ണൻ. ഹാക്കർ ലോഗ് ചെയ്തത് പാക്കിസ്ഥാനില് നിന്നാണെന്നും ഈ വിഷയത്തിൽ അടിയന്തരമായി ഇടപെട്ട് 24 മണിക്കൂറിനുള്ളിൽ പേജ് തിരിച്ചു പിടിക്കാൻ സഹായിച്ചവർക്ക് നന്ദി പറയുന്നുവെന്നും വിഷ്ണു ഇൻസ്റ്റഗ്രാമിലൂടെ കുറിച്ചു.
‘‘എന്റെ ഫെയ്സ്ബുക് പേജ് തിരിച്ചു കിട്ടി. പേജിലെ വശപ്പിശക് പോസ്റ്റുകൾ കണ്ട്, ഹാക്കിങ് ആണെന്നു മനസ്സിലാക്കി ഉടനെ എന്നെ വിവരം അറിയിക്കാൻ ശ്രമിച്ച ആയിരക്കണക്കിന് സുഹൃത്തുക്കൾക്ക് നന്ദി. ഇന്നലെ മുതൽ എന്റെ ഫെയ്സ്ബുക് പേജ് ആരോ ഹാക്ക് ചെയ്തെടുത്ത് പല തരത്തിലുള്ള അശ്ലീല ചിത്രങ്ങളും വിഡിയോയും പോസ്റ്റ് ചെയ്യുകയും ചിലരോട് പണം ആവശ്യപ്പെട്ട് മെസ്സേജ് അയയ്ക്കുകയും ചെയ്തതായി അറിഞ്ഞു.
View this post on Instagram
ഇന്നലെ രാത്രി തന്നെ സൈബർ സെല്ലിൽ വിവരം അറിയിക്കുകയും ഫെയ്സ്ബുക്കിൽ റിപ്പോർട്ട് ചെയ്യുകയും ചെയ്തിരുന്നു. ഈ വിഷയത്തിൽ അടിയന്തരമായി ഇടപെടുകയും 24 മണിക്കൂറിനുള്ളിൽ പേജ് തിരിച്ചു പിടിച്ചു തരുകയും ചെയ്യാൻ സഹായിച്ച ജിനു ബ്രോയ്ക്കും (ജിനു ബെൻ), ജിയാസ് ജമാലിനും ഒരു ലോഡ് നന്ദി. ഹാക്കർ ലോഗിൻ ചെയ്തിരിക്കുന്നതായി കണ്ടത് പാക്കിസ്ഥാനിൽ നിന്നാണ്.’’–വിഷ്ണു ഉണ്ണികൃഷ്ണൻ പറയുന്നു.
കഴിഞ്ഞ ദിവസമാണ് വിഷ്ണു ഉണ്ണികൃഷ്ണന്റെ ഫെയ്സ്ബുക് പേജിൽ അശ്ലീല ചിത്രങ്ങൾ പോസ്റ്റ് ചെയ്തതായി കണ്ടത്. പലരും വിഷ്ണുവിനെ വിവരം അറിയിച്ചപ്പോഴാണ് പേജ് ഹാക്ക് ചെയ്തെന്നു വ്യക്തമായത്. ഈ വിവരം പിന്നീട് വിഷ്ണു തന്നെ ഇൻസ്റ്റഗ്രാം പേജിലൂടെ അറിയിച്ചിരുന്നു.