കോണ്‍ഗ്രസ് ജനങ്ങളുടെ സ്വത്തു തട്ടിയെടുത്ത് വിതരണം ചെയ്ത് നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജസ്ഥാനിൽ നടത്തിയ പ്രസംഗം വലിയ തരത്തിലുള്ള രാഷ്ട്രീയ വിവാദമായതിനിടെ, ഉത്തർപ്രദേശിലും പ്രധാനമന്ത്രി സമാനവാക്കുകൾ ആവർത്തിച്ചു. പ്രധാനമന്ത്രിയുടെ പ്രസ്താവനയ്‌ക്കെതിരേ കോൺഗ്രസ്സും സിപിഎമ്മും തിരഞ്ഞെടുപ്പു കമ്മിഷനു പരാതി നൽകിയെങ്കിലും നടപടിയൊന്നും ഉണ്ടായില്ല. ഇതേക്കുറിച്ചു പ്രതികരണമില്ലെന്നാണ് കമ്മീഷൻ വക്താവ് അറിയിച്ചതായി ലഭിക്കുന്ന വിവരം.
ബുധനാഴ്ച തെരഞ്ഞെടുപ്പ് റാലികളില്‍ സംസാരിക്കുമ്പോഴാണ് അദ്ദേഹം കോൺഗ്രസിനെതിരെ വിവാദ പരാമർശം നടത്തിയത്. രാജസ്ഥാനിലെ ബൻസ്വാഡയിൽ നടത്തിയ പ്രസംഗത്തിൽ കോൺഗ്രസ് വന്നാൽ ‘കൂടുതൽ കുട്ടികളുള്ളവർക്ക്’ സ്വത്തു വീതിച്ചു നൽകുമെന്ന് മോദി പറഞ്ഞതു വിവാദമായതിനു പിന്നാലെ ഉത്തർപ്രദേശിലെ അലിഗഡിൽ നടത്തിയ പ്രസംഗത്തിൽ കോൺഗ്രസ് അധികാരത്തിലെത്തിയാൽ ‘സ്ത്രീകളുടെ താലിമാല പോലും പൊട്ടിച്ച് മറ്റുള്ളവർക്ക് വീതിച്ചു നൽകും’ എന്നാണ്.
കോൺഗ്രസ് അവരുടെ പ്രകടപത്രികയിൽ പറയുന്നതനുസരിച്ച് അമ്മമാരുടേയും സഹോദരിമാരുടേയും കൈവശമുള്ള സ്വർണം വിതരണം ചെയ്യുംമെന്നും, രാജ്യത്തിന്റെ സമ്പത്തിനു മുകളിൽ ഏറ്റവും കൂടുതൽ അവകാശമുള്ളത് മുസ്‌ലിങ്ങള്‍ക്കാണ് എന്നായിരുന്നു മൻമോഹൻ സിങ് സർക്കാരിന്റെ വാദമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ആരോപിച്ചിരുന്നു.
വിശ്വാസങ്ങൾ പിന്തുടരുന്നത് പോലും കോൺഗ്രസ്സ് ഭരണത്തിൽ സാധ്യമല്ലെന്നും കോൺഗ്രസ്സ് ഭരണത്തിന് കീഴിൽ ‘ഹനുമാൻചാലീസ’ കേൾക്കുന്നതുപോലും കുറ്റകരമാകുമെന്നും അദ്ദേഹം പ്രസംഗത്തിൽ പറഞ്ഞു. വലിയരീതിയിലുള്ള വിമർശനങ്ങളാണ് പ്രധാനമന്ത്രിയുടെ പ്രസംഗത്തോടെ ഉയർന്നുവരുന്നത്. ആദ്യഘട്ട തിരഞ്ഞെടുപ്പിൽ വൻതിരിച്ചടി നേരിട്ടെന്നു തിരിച്ചറിഞ്ഞതോടെ രണ്ടാംഘട്ട തിരഞ്ഞെടുപ്പു മുന്നിൽകണ്ട് മോദി പച്ചക്കള്ളം പ്രചരിപ്പിക്കുകയാണെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്.