ലഖ്നോ: ഉത്തർപ്രദേശിലെ ഗാസിയാബാദിൽ ഏഴു വയസുകാരിയുടെ മൃതദേഹം അഴുക്കുചാലിൽ നിന്ന് കണ്ടെത്തി. ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി അഴുക്കുചാലിൽ ഉപേക്ഷിച്ചനിലയിലാണ് കണ്ടെത്തിയത്. അഴുക്കുചാലിന് മുകളിൽ ഇഷ്ടിക കൂട്ടിവെച്ച് മൃതദേഹം മറച്ചുവെച്ച രീതിയിലായിരുന്നുവെന്നും പൊലീസ് പറഞ്ഞു.
ശനിയാഴ്ച സുഹൃത്തുക്കളുമായി കളിക്കുകയായിരുന്ന കുട്ടിയെ പിന്നീട് കാണാതാവുകയായിരുന്നു. പോസ്റ്റുമാർട്ടം റിപ്പോർട്ടിലാണ് ബലാത്സംഗം നടന്നതായി കണ്ടെത്തിയത്. ഞായറാഴ്ച രാവിലെ മൃതദേഹം കണ്ടെത്തുകയായിരുന്നു. വീടിനു പുറത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ കാണാതാവുകയായിരുന്നു.
ഏറെ വൈകീട്ടും മകളെ കാണാത്തതിനെത്തുടർന്നു മാതാപിതാക്കൾ അന്വേഷിക്കുകയായിരുന്നു. സമീപപ്രദേശത്തെ വീടുകളിലെത്തി അന്വേഷിച്ചിരുന്നെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. ഇതിന് പിന്നാലെ മാതാപിതാക്കൾ പൊലീസിൽ പരാതി നൽകുകയായിരുന്നു. പെൺകുട്ടിയുടെ തലയിൽ കല്ലുകൊണ്ട് അടിച്ച പാടുകൾ ഉണ്ടായിരുന്നു.
പീഡനത്തിന് ശേഷം കുട്ടിയെ തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോസ്റ്റുമാർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. പെൺകുട്ടിയുടെ വീട്ടിൽ നിന്ന് 50 മീറ്റർ അകലെയുള്ള അഴുക്കുചാലിലാണ് കണ്ടെത്തിയത്.
ഇഷ്ടിക കൊണ്ട് മൂടിയ നിലയിലായതിനാൽ മൃതദേഹം ശ്രദ്ധയിൽപ്പെട്ടില്ലെന്നും കുട്ടിയുടെ ശരീരത്തിൽ മുറിവുകൾ കണ്ടെത്തിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.
സംഭവത്തിൽ കുട്ടിയുടെ പിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. പ്രതിയെ കണ്ടെത്താൻ സാധിച്ചിട്ടില്ല. കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.