ഒന്നര മാസത്തിലേറെയായി നിറഞ്ഞ് നിന്ന സംസ്ഥാനത്തെ രാഷ്ട്രീയ പരസ്യപ്രചാരണത്തിന് കൊട്ടിക്കലാശത്തോടെ പരിസമാപ്തി. നാടിളക്കി മറിച്ചാണ് എല്ലാ മണ്ഡലങ്ങളിലും കൊട്ടിക്കലാശത്തിന് തിരശീല വീണത്. പല സ്ഥലങ്ങളിലും എൽഡിഎഫ്–യുഡിഎഫ്–ബിജെപി പ്രവർത്തകർ തമ്മിൽ സംഘർഷം.
മലപ്പുറത്ത് എല്‍ഡിഎഫ്-യുഡിഎഫ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടലിലേക്കെത്തിയതോടെ പോലീസ് ലാത്തിവീശി. ആറ്റിങ്ങല്‍, മാവേലിക്കര, ഇടുക്കി എന്നിവിടങ്ങളിലും സംഘര്‍ഷമുണ്ടായി. കൊല്ലത്ത് ഏറ്റുമുട്ടിയവരെ പിരിച്ചുവിടാന്‍ പോലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു
തിരുവനന്തപുരത്ത് കൊട്ടിക്കലാശത്തിനിടെ അവസാനഘട്ടത്തില്‍ മഴപെയ്തത് പ്രവര്‍ത്തകരുടെ ആവേശംവാനോളമുയര്‍ത്തി.
വൈകിട്ട് ആറു മണിയോടെ എല്ലായിടത്തും പ്രചാരണത്തിന് സമാപനമായി. ഇനി നിശബ്ദ പ്രചാരണം മാത്രമാണ് സ്ഥാനാർത്ഥികളുടെ മുന്നിലുള്ളത്.
ഇത്തവണ പുതുചരിത്രമെഴുതുമെന്നാണ് ഇടതുമുന്നണിയുടെ അവകാശവാദം. മുഴുവൻ സീറ്റിലും ജയമെന്ന് അവസാനനിമിഷവും പറയുന്നു യുഡിഎഫ്. പ്രധാനമന്ത്രി പറഞ്ഞപോലെ രണ്ടക്ക സീറ്റ് നേടുമെന്നാണ് ബിജെപിയുടെ വാദം.
ചെണ്ടമേളവും ബാന്‍ഡ് മേളവും ഉള്‍പ്പെടെയുള്ള വാദ്യോപകരണങ്ങളുടെ അകമ്പടിയോടെയായിരുന്നു പലയിടത്തും കൊട്ടിക്കലാശം. കൊട്ടും പാട്ടുമൊക്കെയായി കൊട്ടിക്കലാശം അതിന്‍റെ അവസാന ലാപ്പിലെത്തുമ്പോള്‍ സ്ഥാനാര്‍ത്ഥികളുടെയും പ്രവര്‍ത്തകരുടെയും ആവേശവും വാനോളമുയർന്നു.
തലസ്ഥാനമായ തിരുവനന്തപുരത്തും കൊട്ടിക്കലാശം പൊടിപൊടിച്ചു. സ്ഥാനാര്‍ത്ഥികളുടെ കൂറ്റൻ ഫ്ലക്സുകള്‍ ക്രെയിനുകളില്‍ ഉയര്‍ത്തിയും മറ്റുമാണ് പ്രവര്‍ത്തകര്‍ കൊട്ടിക്കലാശത്തെ വര്‍ണാഭമാക്കിയത്. മൂന്ന് മുന്നണികളുടെയും സ്ഥാനാര്‍ത്ഥികളും പ്രവര്‍ത്തകരും ഒരു മണ്ഡലത്തിലെ ഒരെ സ്ഥലത്ത് സംഗമിച്ചുകൊണ്ടുള്ള കൊട്ടിക്കലാശം തെരഞ്ഞെടുപ്പുകളിലെ കേരളത്തിലെ മാത്രം പ്രത്യേകതകളിലൊന്നാണ്.
40 നാൾ നീണ്ട പ്രചാരണം തീരുമ്പോൾ കളം നിറഞ്ഞ് കവിഞ്ഞതിന്‍റെ ആത്മവിശ്വാസത്തിലാണ് മുന്നണികൾ. പ്രധാനമന്ത്രി നിരന്തരമെത്തിയ സംസ്ഥാനമാണ് കേരളം. രാഹുൽ ഗാന്ധി മത്സരിക്കുന്ന വയനാട് ഉള്‍പ്പെടെ മറ്റന്നാള്‍ വിധിയെഴുതും. ഇന്ത്യാസഖ്യത്തിനും കേരളം പ്രതീക്ഷാ മുനമ്പാണ്.
നാളെ രാവിലെ മുതൽ വോട്ടെണ്ണൽ സാമഗ്രികളുടെ വിതരണം നടക്കും. മറ്റന്നാൾ രാവിലെ 7 മണി മുതൽ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്. ജൂൺ നാലിനാണു വോട്ടെണ്ണൽ. സംഘർഷ സാധ്യത കണക്കിലെടുത്ത് തിരുവനന്തപുരം, പത്തനംതിട്ട, തൃശൂർ, കാസർകോട് എന്നീ ജില്ലകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു