പൊലീസ് കമ്മിഷണറുടെ ഓഫിസിന് മുന്നിൽ റോഡിൽ ആരംഭിച്ച സമരം താൽക്കാലികമായി അവസാനിപ്പിച്ചതായി കോഴിക്കോട് മെഡിക്കൽ കോളജ് ഐസിയു പീഡനക്കേസിലെ അതിജീവിത അറിയിച്ചു. പീഡന കേസിൽ മൊഴിയെടുത്ത ഡോ. കെ.വി. പ്രീതി മൊഴി ശരിയായി രേഖപ്പെടുത്തിയില്ലെന്ന പരാതിയിൽ നടന്ന അന്വേഷണത്തിന്റെ റിപ്പോർട്ട് മൂന്ന് ദിവസത്തിനുള്ളിൽ തരാമെന്നും കൂടാതെ മറ്റു വിഷയങ്ങളിലും തീരുമാനമുണ്ടാക്കുമെന്നും ഉത്തരമേഖല ഐജി നേരിട്ട് പറഞ്ഞതിനാലാണ് സമരം അവസാനിപ്പിച്ചതെന്ന് അതിജീവിത അറിയിച്ചു.
മാനാഞ്ചിറയ്ക്ക് സമീപം റോഡിൽ അതിജീവിത കഴിഞ്ഞ ചൊവ്വാഴ്ചയാണ് സമരം ആരംഭിച്ചത്. കമ്മിഷണറുടെ ഓഫിസിന് മുൻവശം കഴിഞ്ഞ 18ന് അതിജീവിത സമരം ആരംഭിച്ചിരുന്നു. ആറ് ദിവസം സമരം നടത്തിയിട്ടും യാതൊരു നടപടിയും ഉണ്ടായില്ല. ഇതിനാലാണ് ഇന്നലെ റോഡിലേക്ക് സമരം മാറ്റിയത്.
മുഖ്യമന്ത്രിയുടെ ഓഫിസ് ഇടപെട്ടതിനെ തുടർന്ന് അതിജീവിതയുടെ പരാതി അന്വേഷിക്കാൻ ഉത്തരമേഖല ഐജിക്ക് ഡിജിപി നിർദേശം നൽകിയിരുന്നു.