സന: യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന നിമിഷപ്രിയയെ 12 വര്‍ഷങ്ങള്‍ക്ക് ശേഷം നേരില്‍ കണ്ട് അമ്മ പ്രേമകുമാരി. യെമനിലെ സനയിലെ ജയിലിലെത്തിയാണ് പ്രേമകുമാരി മകളെ കണ്ടത്.
പ്രേമകുമാരിക്കൊപ്പം പോയ സാമുവൽ ജെറോം ആണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഇന്ന് ഉച്ചക്ക് ശേഷമാണ് നിമിഷപ്രിയയെ കാണാൻ അനുമതി ലഭിച്ചത്. എംബസി ജീവനക്കാരും ഇന്ന് പ്രേമകുമാരിയ്‌ക്കൊപ്പം സനയിലെ ജയിലിലെത്തിയിരുന്നു. നിമിഷപ്രിയയേയും മാതാവിനേയും മാത്രമായി സംസാരിക്കാന്‍ അനുവദിച്ചു. പുറത്ത് നിന്ന് ഭക്ഷണം വാങ്ങി നിമിഷപ്രിയയ്ക്കും മാതാവിനും നല്‍കിയതായി സാമുവേല്‍ ജെറോം അറിയിച്ചു.
ഏറെക്കാലത്തിന് ശേഷം മകളെ കണ്ടതിന്റെ സന്തോഷത്തിലും ആശ്വാസത്തിലുമാണ് അമ്മ പ്രേമകുമാരി. നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് അടുത്ത നടപടി. ഇന്ന് തന്നെ ഗോത്രത്തലവൻമാരുമായുള്ള ചർച്ച നടക്കുന്നുണ്ട്. ഒപ്പം യെമനിൽ സ്വാധീനമുള്ള വ്യക്തികളെ മുൻനിർത്തിയുള്ള ചർച്ചകളും നടക്കുന്നുണ്ട്. ബ്ലഡ് മണി നൽകി ഇരയുടെ കുടുംബവുമായി ഒത്തുതീർപ്പുണ്ടാക്കാനാണ് ശ്രമം. ബന്ധുക്കൾ മാപ്പുനൽകിയാൽ നിമിഷപ്രിയയുടെ മോചനത്തിന് വഴിയൊരുങ്ങും.
2017ൽ ജൂലായ് 25ന് യെമൻ സ്വദേശിയെ കൊലപ്പെടുത്തി മൃതദേഹം വീടിനുമുകളിലെ ജലസംഭരണിയിൽ ഒളിപ്പിച്ചെന്ന കേസിലാണ് നിമിഷയെ വധശിക്ഷയ്ക്ക് വിധിച്ചത്.
നഴ്സായി ജോലി ചെയ്യുന്നതിനിടെ സ്വന്തമായി ക്ലിനിക് തുടങ്ങാൻ സഹായവാഗ്ദാനവുമായി വന്ന യുവാവ് പാസ്പോർട്ട് പിടിച്ചെടുത്ത് ഭാര്യയാക്കിവയ്ക്കാൻ ശ്രമിച്ചതാണ് കൊലപാതകത്തിലേക്കു നയിച്ചത്. ക്രൂരമായ പീഡനത്തിനിരയായിരുന്ന നിമിഷ, ക്ലിനിക്കിൽ ജോലി ചെയ്തിരുന്ന യുവതിയുടെയും മറ്റൊരു യുവാവിന്റെയും നിർദേശപ്രകാരം അമിത ഡോസ് മരുന്ന് കുത്തിവച്ചതാണ് യുവാവിന്റെ മരണത്തിന് ഇടയാക്കിയത്. മരുന്ന് കുത്തിവയ്ക്കുന്നതിന് സഹായിച്ച സ്വദേശിയായ നഴ്സ് ഹാൻ ഇതേ ജയിലിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുകയാണ്.
യാത്രയ്ക്ക് കേന്ദ്രസർക്കാർ എതിർപ്പായിരുന്നെങ്കിലും ഡൽഹി ഹൈക്കോടതിയുടെ അനുകൂല നിലപാടാണ് നിർണായകമായത്. സനയിൽ വിമതരുടെ ഭരണമാണെന്നും, സുരക്ഷ ഉറപ്പുനൽകാൻ കഴിയില്ലെന്നുമായിരുന്നു കേന്ദ്രനിലപാട്. യാത്രയുമായി ബന്ധപ്പെട്ട വിവരങ്ങൾ അമ്മ കേന്ദ്രത്തിന് കൈമാറണമെന്നും, സ്വന്തം ഉത്തരവാദിത്വത്തിലാണ് യെമനിലേക്ക് പോകുന്നതെന്ന് സത്യവാങ്മൂലം നൽകണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു.