കരുനാഗപ്പള്ളിയിൽ കൊട്ടിക്കലാശത്തിനിടെ സംഘർഷം: സി.ആർ മഹേഷ് എംഎല്‍എയ്ക്കും നാലു പോലീസുകാർക്കും പരിക്ക്

കൊല്ലം: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ കൊട്ടിക്കലാശത്തിനിടെ കൊല്ലം കരുനാഗപ്പള്ളിയില്‍ സംഘര്‍ഷം. എല്‍ഡിഎഫ്-യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മിലാണ് ഏറ്റുമുട്ടിയത്. സംഘര്‍ഷത്തിനിടെ സി.ആര്‍.മഹേഷ് എംഎല്‍എയ്ക്ക് പരിക്കേറ്റു.

തുടര്‍ന്ന് അദ്ദേഹം താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ലാത്തി വീശി. സിഐ ഉള്‍പ്പെടെ നാല് പൊലീസുകാര്‍ക്കും സംഘര്‍ഷത്തില്‍ പരിക്കേറ്റു. പ്രശ്‌നരപരിഹാരത്തിനെത്തിയ എംഎല്‍എയ്ക്ക് നേരെ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞുവെന്ന് യുഡിഎഫ് ആരോപിച്ചു.

സംഘര്‍ഷത്തിലേര്‍പ്പെട്ട പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ മൂന്ന് തവണ പോലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. ആലപ്പുഴ ലോക്‌സഭാ മണ്ഡലത്തിലാണ് കരുനാഗപ്പള്ളി നിയമസഭാ മണ്ഡലം ഉള്‍പ്പെടുന്നത്.

കൊട്ടിക്കലാശത്തിനിടെ സംസ്ഥാനത്ത് മറ്റു അഞ്ചിടങ്ങളിലും സംഘര്‍ഷമുണ്ടായി. മലപ്പുറം, ആറ്റിങ്ങല്‍, മാവേലിക്കര, ഇടുക്കി, പത്തനാപുരം എന്നിവിടങ്ങളിലാണ് സംഘര്‍ഷമുണ്ടായത്. മലപ്പുറത്ത് എല്‍ഡിഎഫ് യുഡിഎഫ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയതോടെ പോലീസ് ലാത്തിവീശി.

വൈകുന്നേരം ആറുമണിയോടെയാണു പരസ്യ പ്രചാരണങ്ങള്‍ സമാപിച്ചത്. ഇനി നിശബ്ദ പ്രചാരണത്തിന്റെ മണിക്കുറുകളാണ് സ്ഥാനാര്‍ത്ഥികള്‍ക്കും മുന്നണി പ്രവര്‍ത്തകര്‍ക്കും മുന്നിലുള്ളത്.

വ്യാഴാഴ്ച രാവിലെ മുതല്‍ വോട്ടെണ്ണല്‍ സാമഗ്രികളുടെ വിതരണം നടക്കും. വെള്ളിയാഴ്ച രാവിലെ 7 മണി മുതല്‍ വൈകുന്നേരം ആറ് വരെയാണ് വോട്ടെടുപ്പ്. ജൂണ്‍ നാലിനാണു വോട്ടെണ്ണല്‍. സംഘര്‍ഷ സാദ്ധ്യത കണക്കിലെടുത്ത് തിരുവനന്തപുരം, പത്തനംതിട്ട, തൃശൂര്‍, കാസര്‍കോഡ് ജില്ലകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.