ജയ്പുര്‍: ബന്‍സ്‌വാഡയിലെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിവാദപ്രസംഗത്തില്‍ അതൃപ്തി പ്രകടിപ്പിച്ച് സ്വകാര്യവാര്‍ത്താ ചാനലിനോട് പ്രതികരിച്ച ന്യൂനപക്ഷമോർച്ച ജില്ലാ പ്രസിഡന്റിനെ ബി.ജെ.പി പുറത്താക്കി. ബികാനേര്‍ ബി.ജെ.പി ന്യൂനപക്ഷമോര്‍ച്ച ജില്ലാ പ്രസിഡന്റ് ഉസ്മാന്‍ ഗനിയെയാണ് ആറുവര്‍ഷത്തേക്ക് പുറത്താക്കിയത്. സ്വകാര്യ വാര്‍ത്താചാനലിനോട് സംസാരിക്കവെ മോദിയുടെ വിവാദപ്രസംഗത്തെ ഉസ്മാന്‍ ഗനി അപലപിച്ചിരുന്നു.
മാധ്യമങ്ങളില്‍ പാര്‍ട്ടിയുടെ പ്രതിച്ഛായ കളങ്കപ്പെടുത്തിയതിനാണ് പുറത്താക്കുന്നതെന്ന് ബി.ജെ.പി സംസ്ഥാന അച്ചടക്കസമിതി അധ്യക്ഷന്‍ ഓംകാര്‍ സിങ് ലഖാവത്ത് പറഞ്ഞു. ഗനിയുടെ നടപടി അച്ചടക്കലംഘനമാണെന്നും പാര്‍ട്ടിയുടെ പ്രഥമിക അംഗത്വത്തില്‍നിന്ന് പുറത്താക്കുന്നുവെന്നും അദ്ദേഹം അറിയിച്ചു.
കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ആളുകളുടെ ഭൂമിയും സ്വത്തുക്കളുമെല്ലാമെടുത്ത് മുസ്ലിങ്ങള്‍ക്കിടയില്‍ വിതരണംചെയ്യുമെന്നാണ് കഴിഞ്ഞദിവസം രാജസ്ഥാനില ജലോറിലും ബന്‍സ്വാഡയിലും മോദി പറഞ്ഞത്. ഇതിനെതിരെ കടുത്ത പ്രതിഷേധമുയര്‍ന്നിരുന്നു. പ്രസംഗത്തിനെതിരെ കോണ്‍ഗ്രസും സി.പി.എമ്മും തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചിരുന്നു.