ലഖ്നോ: സമാജ്വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് തെരഞ്ഞെടുപ്പില്‍ മത്സരിക്കും. ഉത്തര്‍പ്രദേശിലെ കനൗജ് സീറ്റില്‍ നിന്നാണ് അഖിലേഷ് ജനവിധി തേടുക. രാം ഗോപാല്‍ യാദവ് ആണ് അഖിലേഷിന്റെ സ്ഥാനാര്‍ത്ഥിത്വം സ്ഥിരീകരിച്ചത്. നേരത്തെ കനൗജില്‍ തേജ് പ്രതാപിന്റെ പേരാണ് പാര്‍ട്ടി പ്രഖ്യാപിച്ചത്. മുലായം സിങ് യാദവിന്റെ സഹോദരൻ രത്തൻ സിങ്ങിന്റെ ചെറുമകനാണ് തേജ്പ്രതാപ്.
അഖിലേഷ് നാളെ പത്രിക സമര്‍പ്പിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഈ തെരഞ്ഞെടുപ്പിന് ശേഷം ഇന്ത്യാ മുന്നണി ഇന്ത്യയുടെ ഭാവിയാകുമെന്നും ബിജെപി ഭൂതകാലമായി മാത്രം അവശേഷിക്കുമെന്നും രാം ഗോപാല്‍ യാദവ് പറഞ്ഞു. അഖിലേഷിലൂടെ കനൗജില്‍ ചരിത്ര വിജയമുണ്ടാകുമെന്നും ഒരു ദേശീയ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ രാം ഗോപാല്‍ യാദവ് പറഞ്ഞു.
അഖിലേഷ് യാദവ് കനൗജിൽ മത്സരിച്ചേക്കുമെന്നായിരുന്നു നേരത്തെയുണ്ടായിരുന്ന അഭ്യൂഹങ്ങൾ. എന്നാൽ, അഭ്യൂഹങ്ങൾക്ക് വിരാമമിട്ടുകൊണ്ടാണ് മിനിഞ്ഞാന്ന് സമാജ്വാദി പാർട്ടി തേജ് പ്രതാപ് സിങ് യാദവിനെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചത്. എന്നാൽ, ഒരു ദിവസത്തിന് ശേഷം അപ്രതീക്ഷിത നീക്കത്തിലൂടെ അഖിലേഷ് യാദവ് തന്നെ സ്ഥാനാർഥിയായിരിക്കുകയാണ്.
2000, 2004, 2009 വർഷങ്ങളിൽ അഖിലേഷ് യാദവ് കനൗജിൽനിന്ന് ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 2014ൽ അഖിലേഷിന്റെ ഭാര്യ ഡിംപിൾ യാദവും ഇവിടെനിന്ന് വിജയിച്ചിരുന്നു. 2019ൽ അസംഗഢിൽ നിന്ന് അഖിലേഷ് വിജയിച്ചെങ്കിലും 2022ൽ യു.പി നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് അദ്ദേഹം എം.പി സ്ഥാനം രാജിവെക്കുകയായിരുന്നു.
പാർട്ടി പ്രവർത്തകരുടെ സമ്മർദത്തെ തുടർന്നാണ് അഖിലേഷ് മത്സരിക്കാൻ തീരുമാനിച്ചതെന്നാണ് വിവരം. പാർട്ടിയുടെ തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ രൂപീകരിക്കാൻ കൂടുതൽ സമയം വേണ്ടതിനാലാണ് അഖിലേഷ് ആദ്യം മത്സരിക്കേണ്ടതില്ലെന്ന് തീരുമാനിച്ചിരുന്നത്. എസ്.പിയുടെ ശക്തികേന്ദ്രമായ കനൗജിൽ 2019ൽ ബി.ജെ.പി സ്ഥാനാർഥി സുബ്രത് പഥക് ആണ് വിജയിച്ചത്.