കൊച്ചി: കരുവന്നൂർ കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ സിപിഎം തൃശ്ശൂർ ജില്ലാ സെക്രട്ടറി എംഎം വർഗീസിന് വീണ്ടും നോട്ടീസ് അയച്ച് ഇഡി. അടുത്ത തിങ്കളാഴ്ച കൊച്ചി ഓഫീസിൽ ഹാജരാകാനാണ് നിർദ്ദേശം.
നേരത്തെ മൂന്ന് തവണ ഇഡി നോട്ടീസ് നൽകിയിരുന്നെങ്കിലും തെരഞ്ഞെടുപ്പ് ചുമതലകൾ ഉള്ളതിനാൽ ഹാജരാകാൻ കഴിയില്ലെന്നായിരുന്നു വർഗീസ് അറിയിച്ചത്. ഇതേ തുടർന്നാണ് തെരഞ്ഞെടുപ്പ് കഴിഞ്ഞ് ഹാജരാകാൻ നിർദ്ദേശിച്ചത്.
കരുവന്നൂർ ബാങ്കിലെ സിപിഎം നിയന്ത്രണത്തിലുള്ള രഹസ്യ അക്കൗണ്ടുകളെക്കുറിച്ചും ബെനാമി വായ്പ നൽകിയതിൽ സിപിഎം നേതാക്കളുടെ ഇടപെടലിലുമാണ് വർഗീസിനെ ചോദ്യം ചെയ്യുന്നത്. സിപിഎമ്മിന്റെ തൃശൂരിലെ ബാങ്ക് അക്കൗണ്ടുകൾ, സ്വത്തുക്കൾ എന്നിവയുടെ എല്ലാം വിവരങ്ങൾ ഹാജരാക്കാനാണ് വർഗീസിനോട് ഇഡി ആവശ്യപ്പെട്ടിരുന്നത്. ഏരിയ കമ്മിറ്റികളുടെ അടക്കം പാർട്ടിയുടെ വിവിധ കമ്മിറ്റികളുടെ പേരിലുള്ള ബാങ്ക് അക്കൗണ്ടുകളുടെ രേഖകൾ ഹാജരാക്കാൻ വർഗീസിന് ഇ ഡി നിർദേശവും നൽകിയിരുന്നു. കരുവന്നൂർ ബാങ്കിൽ നിന്നും ബിനാമി വായ്പകളിലൂടെ തട്ടിയെടുത്ത പണം ഈ അക്കൗണ്ടുകളിലേക്ക് എത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കാനാണ് രേഖകൾ ഹാജരാക്കാൻ ഇഡി ആവശ്യപ്പെട്ടത്.
കരുവന്നൂർ ബാങ്കിൽ മാത്രം സി.പി.എമ്മിന് അഞ്ച് രഹസ്യ അക്കൗണ്ടുകളുണ്ടെന്നാണ് ഇ.ഡിയുടെ കണ്ടെത്തൽ. രഹസ്യ അക്കൗണ്ടുകൾ ജില്ലാ സെക്രട്ടറിയായ എം.എം വർഗീസിന്റെ അറിവോടെയാണെന്നും ഇ.ഡി കണ്ടെത്തിയിരുന്നു.