വയനാട് ബത്തേരിയിൽ ഭക്ഷ്യക്കിറ്റുകൾ പിടികൂടി; വോട്ടര്‍മാരെ സ്വാധീനിക്കാന്‍ എത്തിച്ചതെന്ന് സംശയം

വയനാട്: സുൽത്താൻ ബത്തേരിയിൽ അവശ്യസാധനങ്ങൾ അടങ്ങിയ ഭക്ഷ്യക്കിറ്റുകൾ പിടികൂടി. 1500 ഓളം കിറ്റുകളാണ് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് കസ്റ്റഡിയിലെടുത്തത്. ബത്തേരിയിലെ മൊത്തവിതരണ സ്ഥാപനത്തിന് മുന്നിൽനിന്നാണ് കിറ്റുകൾ പിടികൂടിയത്.

ആവശ്യസാധനങ്ങള്‍ക്കൊപ്പം വെറ്റിലയും ചുണ്ണാമ്പും അടക്കമുള്ള വസ്തുക്കളും ബത്തേരിയിലെ മൊത്ത വിതരണ സ്ഥാപനത്തിന് മുന്നില്‍ നിന്ന് പിടിച്ചെടുത്ത കിറ്റുകളില്‍ ഉണ്ട്.

വോട്ടേഴ്‌സിനെ സ്വാധീനിക്കാന്‍ ആദിവാസി കോളനികളിൽ വിതരണം ചെയ്യാൻ ബി.ജെ.പി തയ്യാറാക്കിയ കിറ്റുകളാണ് ഇതെന്നാണ് ആരോപണം. എവിടേക്ക് നൽകാനുള്ളതാണെന്ന് അറിയില്ലെന്നാണ് കിറ്റുകൾ കയറ്റിയ ലോറിയുടെ ഡ്രൈവർ പറയുന്നത്. കിറ്റുകള്‍ എത്തിച്ചതിന് പിന്നില്‍ ബിജെപിയാണെന്ന് എല്‍ഡിഎഫും യുഡിഎഫും ആരോപിച്ചു.

വാഹനത്തില്‍ കയറ്റിയ നിലയിലാണ് കിറ്റുകള്‍ പിടികൂടിയത്. രാത്രിയോടെയാണ് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കിറ്റുകള്‍ നിറച്ച വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവ തെരഞ്ഞെടുപ്പ് ഫ്‌ളൈയിംഗ് സ്‌ക്വാഡിന് കൈമാറുമെന്ന് ബത്തേരി പൊലീസ് അറിയിച്ചു.