ന്യൂഡല്‍ഹി: ഗുജറാത്ത് ടൈറ്റന്‍സിനെതിരേ ഡല്‍ഹി ക്യാപിറ്റല്‍സിന് ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഡല്‍ഹി, നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 224 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്തിന് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 220 റണ്‍സെടുക്കാനേ ആയുള്ളൂ. ക്യാപ്റ്റന്‍ ഋഷഭ് പന്തിന്റെയും അക്‌സര്‍ പട്ടേലിന്റെയും ഇന്നിങ്‌സുകളാണ് ഡല്‍ഹിക്ക് തുണയായത്.
43 പന്തില്‍ പുറത്താവാതെ 88 റണ്‍സാണ് പന്ത് നേടിയത്. ഇതില്‍ ആറ് സിക്സും അഞ്ച് ഫോറും ഉള്‍പ്പെടുന്നു. 43 പന്തില്‍ നാല് സിക്സും അഞ്ച് ഫോറും സഹിതം 66 റണ്‍സാണ് അക്സര്‍ പട്ടേലിന്റെ സമ്പാദ്യം. ട്രിസ്റ്റന്‍ സ്റ്റബ്സ് ഏഴ് പന്തില്‍ രണ്ട് സിക്സും മൂന്ന് ഫോറും ഉള്‍പ്പെടെ 26 റണ്‍സ് നേടി.
ടോസ് നഷ്ടമായി ബാറ്റിങിനിറങ്ങിയ ഡൽഹി 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 224 റൺസാണ് സ്‌കോർ ചെയ്തത്. ഓപ്പണര്‍മാരായ പൃഥ്വി ഷായും ജേക് ഫ്രേസര്‍ മക്‌ഗുര്‍കും ചേര്‍ന്ന് തകര്‍പ്പൻ തുടക്കമാണ് നല്‍കിയത്. ആദ്യ മൂന്നോവറില്‍ ഇരുവരും ചേര്‍ന്ന് 34 റണ്‍സടിച്ചു. എന്നാല്‍ മക്‌കുര്‍ഗിനെ(14 പന്തില്‍ 23) സ്ക്വയര്‍ ലെഗ്ഗില്‍ നൂര്‍ അഹമ്മദിന്‍റെ കൈകളിലെത്തിയ സന്ദീപ് വാര്യര്‍ അതേ ഓവറില്‍ പൃഥ്വി ഷായെയും(7 പന്തില്‍ 11) പുറത്താക്കി ഡല്‍ഹിക്ക് ഇരട്ട പ്രഹരമേല്‍പ്പിച്ചു. പവര്‍ പ്ലേയില്‍ മൂന്നാം ഓവറും എറിയാനെത്തിയ സന്ദീപ് തന്‍റെ മൂന്നാം ഓവറില്‍ ഷായ് ഹോപ്പിനെ(5) റാഷിദ് ഖാന്‍റെ കൈകളിലെത്തിച്ചതോടെ ഡല്‍ഹി 44-3ലേക്ക് വീണു.
അഞ്ചാം നമ്പറില്‍ ബാറ്റിംഗിനിറങ്ങിയ റിഷഭ് പന്ത് അക്സറിനൊപ്പം തകര്‍ത്തടിച്ചതോടെ ഡല്‍ഹി തകര്‍ച്ച ഒഴിവാക്കി കരകയറി. പത്ത് ഓവറില്‍ 80-3ലെത്തിയ ഡല്‍ഹി പന്ത്രണ്ടാം ഓവറില്‍ 100 കടന്നു.
37 പന്തില്‍ അര്‍ധസെഞ്ചുറിയിലെത്തിയ അക്സര്‍(43 പന്തില്‍ 66) പിന്നീട് രണ്ട് സിക്സ് കൂടി പറത്തി നൂര്‍ അഹമ്മദിന് വിക്കറ്റ് സമ്മാനിച്ച് മടങ്ങുമ്പോള്‍ ഡല്‍ഹി 17 ഓവറില്‍ 157ല്‍ എത്തിയിരുന്നു. നാലാം വിക്കറ്റില്‍ 113 റണ്‍സിന്‍റെ കൂട്ടുകെട്ടുയര്‍ത്തിയശേഷമാണ് അക്സറും പന്തും വേര്‍ പിരിഞ്ഞത്. പിന്നാലെ 34 പന്തില്‍ സിക്സ് അടിച്ച് അര്‍ധസെഞ്ചുറിയിലെത്തിയ റിഷഭ് പന്ത് അവസാന ഓവറുകളില്‍ കണ്ണും പൂട്ടി അടിച്ചതോടെ ഡല്‍ഹി 224 റണ്‍സിലെത്തി. മോഹിത് ശര്‍മയെറിഞ്ഞ അവസാന ഓവറില്‍ മാത്രം പന്ത് നാല് സിക്സും ഒരു ഫോറും അടക്കം 30 റണ്‍സടിച്ചു.
ഗുജറാത്തിനായി മൂന്നോവര്‍ എറിഞ്ഞ സന്ദീപ് വാര്യര്‍ 15 റണ്‍സിന് മൂന്ന് വിക്കറ്റ് വീഴ്ത്തി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്തിന് രണ്ടാം ഓവറില്‍ത്തന്നെ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിനെ(6) നഷ്ടപ്പെട്ടു. പിന്നീട് സായ് സുദര്‍ശനും സാഹയും ചേര്‍ന്ന് തകര്‍പ്പന്‍ കളിയാണ് പുറത്തെടുത്തത്. 10-ാം ഓവറില്‍ കുല്‍ദീപ് യാദവിന്റെ പന്തില്‍ വൃദ്ധിമാന്‍ സാഹ പുറത്തായതോടെ സ്‌കോര്‍ വേഗം കുറഞ്ഞു. 25 പന്തില്‍ 39 റണ്‍സാണ് സാഹ നേടിയത്. അക്‌സര്‍ പട്ടേലിന് ക്യാച്ച് നല്‍കിയായിരുന്നു മടക്കം. അടുത്ത ഓവറില്‍ അസ്മത്തുള്ള ഒമര്‍സായ്‌യും മടങ്ങി. റാസിഖ് സലാം എറിഞ്ഞ 13-ാം ഓവറില്‍ സായ് സുദര്‍ശനും പുറത്തായി.
പിന്നീട് പക്ഷേ, ഡേവിഡ് മില്ലറുടെ തകര്‍പ്പനടികളാണ് കാണാനായത്. നോര്‍ജെ എറിഞ്ഞ 17-ാം ഓവറില്‍ മൂന്ന് സിക്‌സും ഒരു ഫോറും സഹിതം 22 റണ്‍സാണ് മില്ലര്‍ നേടിയത്. അടുത്ത ഓവറില്‍ പക്ഷേ, മുകേഷ് കുമാറിന്റെ പന്തില്‍ ക്യാച്ചായി മില്ലര്‍ മടങ്ങി. 23 പന്തുകള്‍ മാത്രം നേരിട്ട് മൂന്ന് സിക്‌സും ആറ് ഫോറും സഹിതം 55 റണ്‍സാണ് അപ്പോഴേക്ക് മില്ലര്‍ അടിച്ചെടുത്തത്.
പിന്നീട് റാഷിദ് ഖാന്‍ എത്തി തകര്‍പ്പന്‍ അടി നടത്തിയെങ്കിലും നാല് റണ്‍സകലെ ടീം വീണു. ഇതിനിടെ സായ് കിഷോര്‍ ആറ് പന്തില്‍ 13 റണ്‍സെടുത്ത് മടങ്ങിയിരുന്നു. 11 പന്തില്‍ 21 റണ്‍സാണ് റാഷിദ് ഖാന്‍ നേടിയത്.