ദമ്മാം: ലോകസഭ തെരഞ്ഞെടുപ്പിന്റെ പ്രാധാന്യത്തെ ഉൾക്കൊണ്ട് പ്രവാസികളുടെ വോട്ട് ചെയ്യിക്കുന്നതിന് നാട്ടിലെത്തിക്കാൻ ദമ്മാം മലപ്പുറം ജില്ല കെ.എം.സി.സി ഏർപ്പെടുത്തിയ വോട്ട് വിമാനം നാളെ (വ്യാഴം) പുലർച്ചെ പുറപ്പെടുമെന്ന് നേതാക്കൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. വിമാനത്തിൽ നൂറിൽ പരം യാത്രക്കാർ ദമ്മാമിൽ നിന്നും കോഴിക്കോട്ടേക്ക് വോട്ട് രേഖപ്പെടുത്തുന്നതിനായി മാത്രം യാത്ര ചെയ്യും. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവാസ ലോകത്ത് ദമ്മാം മലപ്പുറം ജില്ല കെ.എം.സി.സി വിവിധ പരിപാടികളാണ് സംഘടിപ്പിച്ചത്. വോട്ട് രജിസ്ട്രേഷൻ ഹെല്പ് ഡസ്ക്, നിയോജക മണ്ഡലം തല സർവെകൾ, പാർലമെന്റ് മണ്ഡലം തല കൺവെൻഷനുകൾ, സോഷ്യൽ മീഡിയ കാമ്പയിനുകൾ, മാധ്യമ വിചാരം സെമിനാർ, നാഷനൽ കെ.എം.സി.സി വൺകോൾ വൺ വോട്ട് കാമ്പയിൻ തുടങ്ങിയ പരിപാടികൾ സംഘടിപ്പിച്ചു. അതിന്റെ അവസാനമായാണ് ജില്ല കെ.എം.സി.സി വോട്ട് വിമാനവും കൂടി നാട്ടിലേക്ക് പുറപ്പെടുന്നത്. സൗദി കെ.എം.സി.സി നാഷനൽ കമ്മിറ്റി പ്രസിഡന്റ് കുഞ്ഞുമോൻ കാക്കിയയും, ദമ്മാം മലപ്പുറം ജില്ല കെ.എം.സി.സി നേതാക്കളും യാത്രക്കാർക്കൊപ്പം നാട്ടിലേക്ക് തിരിക്കുന്നുണ്ട്. യാത്രക്കാരിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട നിർധനരായ, വോട്ട് ചെയ്യാൻ താല്പര്യമുള്ള പ്രവാസികളെ തീർത്തും സൗജന്യമായി വോട്ട് വിമാനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും ദമ്മാം മലപ്പുറം ജില്ല കെ.എം.സി.സി നേതാക്കളായ കെ.പി ഹുസൈൻ, ജൗഹർ കുനിയിൽ, ബഷീർ ആലുങ്ങൽ, സഹീർ മജ്ദാൽ, മുഷ്താഖ് പേങ്ങാട്, മുഹമ്മദ് കരിങ്കപ്പാറ എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.