ആർഎൽവി രാമകൃഷ്ണനെതിരായ ജാതീയ അധിക്ഷേപം; സത്യഭാമയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി: ഡോ. ആര്‍എല്‍വി രാമകൃഷ്ണനെ ജാതീയമായി അധിക്ഷേപിച്ചെന്ന കേസില്‍ നര്‍ത്തകി സത്യഭാമ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതിയില്‍ ആര്‍എല്‍വി രാമകൃഷ്ണനും പൊലീസും ഇന്ന് മറുപടി സത്യവാങ്മൂലം നല്‍കും. അറസ്റ്റ് തടയണമെന്ന സത്യഭാമയുടെ ആവശ്യം ഹൈക്കോടതി കഴിഞ്ഞ തവണ അംഗീകരിച്ചിരുന്നില്ല.

സത്യഭാമയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ നെടുമങ്ങാട് സെഷന്‍സ് കോടതി നേരത്തെ തള്ളിയിരുന്നു. ഈ ഉത്തരവ് റദ്ദാക്കണമെന്നും ജാമ്യം നല്‍കണമെന്നും ആവശ്യപ്പെട്ട് സത്യഭാമ നല്‍കിയ ഹര്‍ജിയാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്. വസ്തുതകള്‍ പരിശോധിക്കാതെയാണ് വിചാരണ കോടതിയുടെ ഉത്തരവെന്നും അന്വേഷണവുമായി സഹകരിക്കാമെന്നും ഏത് ഉപാധിയും അംഗീകരിക്കാമെന്നുമാണ് മുന്‍കൂര്‍ ജാമ്യാപേക്ഷയിലെ സത്യഭാമയുടെ വാദം.