ഭക്ഷണത്തിനു ശേഷം അല്പം മധുരമെന്നത് പലരുടേയും ശീലമാണ്. ചിലര്‍ക്ക് ചെറിയ എന്തെങ്കിലും മധുരമാകാം ചിലർക്ക് കൂടിയ മധുരമായിരിക്കും പ്രിയം. ഇളം മധുരം ഇഷ്ടമുള്ളവര്‍ക്ക് പറ്റിയ ഒരു റെസിപ്പിയാണ് പുഡ്ഡിംഗുകള്‍. പലതരം പുഡ്ഡിംഗുകളുണ്ടാക്കാം. സാധാരണയായി പായസം, ഉപ്പുമാവ് എന്നിവ തയ്യാറാക്കാൻ ഉപയോഗിക്കുന്ന സേമിയകൊണ്ടും പുഡ്ഡിംഗുണ്ടാക്കാം. സേമിയ പുഡ്ഡിംഗ് റെസിപ്പി നോക്കിയാലോ?
ആവശ്യമായ ചേരുവകൾ
- പാല്-1 ലിറ്റര്‍
- സേമിയ-400 ഗ്രാം
- പഞ്ചസാര-100 ഗ്രാം
- ഏലയ്ക്ക-14
- ഉണക്കമുന്തിരി-50 ഗ്രാം
- കശുവണ്ടിപ്പരിപ്പ്-50 ഗ്രാം
- കണ്ടെന്സ്ഡ് മില്‍ക്-1 ടിന്
തയ്യറാക്കുന്ന വിധം
ചുവടു കട്ടിയുള്ള പാത്രത്തില്‍ പാലൊഴിച്ച് തിളപ്പിയ്ക്കുക. തിളച്ചു വരുന്ന പാലില്‍ പഞ്ചസാര, ഏലയ്ക്ക പൊടിച്ചത് എന്നിവ ചേര്‍ത്തിളക്കണം. ഇത് ആറേഴു മിനിറ്റ് തിളപ്പിയ്ക്കണം. സേമിയ ചെറിയ കഷ്ണങ്ങളാക്കി മുറിയ്ക്കുക. ഇത് തിളയ്ക്കുന്ന പാലിലേയ്ക്കിടുക. സേമിയ ഒരുവിധം വെന്തു കഴിയുമ്പോള്‍ ഡ്രൈ ഫ്രൂട്സ് ഇട്ട് ഇളക്കാം. ഇതിലേയ്ക്ക പിന്നീട് കണ്ടെന്സ്ഡ് മില്‍ക് ചേര്‍ത്തിളക്കുക. കൂട്ട് ഒരു വിധം കട്ടിയായിക്കഴിഞ്ഞാല്‍ വാങ്ങി വച്ച് തണുപ്പിച്ച് ഉപയോഗിയ്ക്കാം.