ആരോഗ്യ സംരക്ഷകര്‍ക്ക് ഇടയില്‍ ജനപ്രിയമായ ഓട്‌സ് ഉപ്പ്മാവ് തയാറാക്കാം

ആരോഗ്യ സംരക്ഷകര്‍ക്ക് ഇടയില്‍ ജനപ്രിയമായ ഭക്ഷണമാണ് ഓട്‌സ്. തടി കുറയ്ക്കാനും കൊളസ്‌ട്രോള്‍ കുറയ്ക്കാനുമൊക്കെയായി രാവിലെയും രാത്രിയും ആഹാരമായി ഓട്‌സ് കഴിക്കുന്നവര്‍ ധാരാളമുണ്ട്. ഓരോരുത്തരുടെയും ഇഷ്ടത്തിനനുസരിച്ച് ഓട്‌സ് പലവിധത്തില്‍ തയ്യാറാക്കാം. സ്വാദിഷ്ടമായ വിഭവം മാത്രമല്ല, ആരോഗ്യകരമായ ഒരു പ്രഭാത ഭക്ഷണം കൂടിയാണ് ഓട്‌സ് ഉപ്പുമാവ്.

ആവശ്യമായ ചേരുവകൾ

  • ഓട്‌സ് – 250 ഗ്രാം
  • കടുക് – 1 ടീസ്പൂണ്‍
  • ഉഴുന്നുപരിപ്പ് – അര ടേബിള്‍ സ്പൂണ്‍
  • ഇഞ്ചി – ഒരു കഷ്ണം
  • പച്ചമുളക് – 1 എണ്ണം
  • തേങ്ങ – രണ്ട് ടേബിള്‍ സ്പൂണ്‍
  • വെള്ളം – 1 കപ്പ്
  • എണ്ണ/ നെയ്യ് – 1 ടീ സ്പൂണ്‍
  • ഉള്ളി
  • കാരറ്റ്
  • ബീന്‍സ്
  • അണ്ടിപ്പരിപ്പ്
  • കപ്പലണ്ടി

തയാറാക്കുന്ന വിധം

ആദ്യമായി പച്ച ഓട്‌സ് വറുത്തെടുക്കുക. 3 മിനിറ്റ് നേരം ഇത്തരത്തില്‍ ഫ്രൈ ചെയ്ത് ക്രിസ്പി ആയി മാറിക്കഴിഞ്ഞാല്‍ തീ ഓഫ് ചെയ്യുക. അതിനുശേഷം ഒരു പാന്‍ എടുത്ത് ഒരു ടീസ്പൂണ്‍ എണ്ണയോ അല്ലെങ്കില്‍ നെയ്യോ ഒഴിച്ച് ചൂടാക്കിയെടുക്കുക. ഇതിലേക്ക് കടുക് ഇടുക. ശേഷം ഉഴുന്നുപരിപ്പ്, ഇഞ്ചി, പച്ചമുളക്, ഉള്ളി, കാരറ്റ്, ബീന്‍സ്, അണ്ടിപ്പരിപ്പ്, കപ്പലണ്ടി എന്നിവ ഇട്ട് വരട്ടിയെടുക്കുക. രണ്ട് ടേബിള്‍ സ്പൂണ്‍ തേങ്ങ ഇതിലേക്ക് അവസാനം ചേര്‍ക്കുക.

വരട്ടിയെടുത്ത ശേഷം ഒരു കപ്പ് വെള്ളം ഇതിലേക്ക് ഒഴിച്ച് അല്‍പം ഉപ്പ് ചേര്‍ത്ത് എല്ലാം ഒന്ന് ഇളക്കിയെടുക്കുക. ഇത് തിളയ്ക്കുമ്പോള്‍ ഓട്‌സ് ചേര്‍ക്കുക. തീ കുറച്ച് നന്നായി ഇളക്കിയെടുത്ത് അല്‍പം മഞ്ഞള്‍ പൊടി ചേര്‍ക്കുക. മഞ്ഞള്‍പ്പൊടി നിങ്ങള്‍ക്ക് ആദ്യവും ചേര്‍ക്കാവുന്നതാണ്. ഉപ്പുമാവ് പാകത്തിനായിക്കഴിഞ്ഞ് തീ കുറച്ച് 5 മിനിറ്റ് നേരം വയ്ക്കുക. ഇതിനിടെ അടിക്കുപിടിക്കാതിരിക്കാന്‍ ഇടയ്ക്ക് ഉപ്പ്മാവ് ഇളക്കുക. ഉപ്പ്മാവ് തയാറായിക്കഴിഞ്ഞാല്‍ ചെറുചൂടോടെ സ്വാദിഷ്ടമായി കഴിക്കാവുന്നതാണ്.